റാബത്ത്: മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2,212 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 2,065 പേര്‍ക്കാണ് ദുരന്തത്തില്‍ പരിക്കേറ്റത്. ഇതില്‍ ആയിരത്തിലധികം പേരുടെ നില അതീവ ഗുരുതരമാണ്.
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 3:41 ഓടെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമുണ്ടായത്. 19 മിനിറ്റുകള്‍ക്ക് ശേഷം 4.9 തീവ്രതയിലെ തുടര്‍ ചലനവുമുണ്ടായി. വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരണപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും.
സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അല്‍ജീരിയ തുടങ്ഹിയ രാജ്യങ്ങളില്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമായ മാരാകേഷ് നഗരത്തിന് തെക്ക്-പടിഞ്ഞാറായി 71 കിലോമീറ്റര്‍ അകലെ അറ്റ്ലസ് പര്‍വതനിരകളിലെ ജനസാന്ദ്രത കുറഞ്ഞ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
മാരാകേഷ്, അല്‍-ഹൗസ്, അസീലല്‍, വാര്‍സാസാറ്റ്, ചിചൗവ, തരൂഡന്റ് എന്നീ പ്രവിശ്യകളിലും നഗരങ്ങളിലുമായാണ് മരണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരില്‍ കൂടുതല്‍ പേരും വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഗ്രാമങ്ങള്‍ പലതും തകര്‍ന്നടിഞ്ഞു. റാബത്ത്, കാസബ്ലാങ്ക നഗരങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി. വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു.
ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായി വീടുകള്‍ പുറത്തേക്കോടിയ ജനങ്ങള്‍ റോഡുകളിലും വാഹനങ്ങളിലുമായാണ് രാത്രി കഴിച്ചു കൂട്ടിയത്. ഇന്ത്യ, റഷ്യ, അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മൊറോക്കോയിലെ ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. മൊറോക്കോയിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുമെന്ന് സ്‌പെയിന്‍ അറിയിച്ചു.
രാജ്യത്ത് ആറ് പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. 1960 ല്‍ മൊറോക്കന്‍ നഗരമായ അഗദിറില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ 12,000 പേരിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.