ആദിത്യ ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ അകലെ; മൂന്നാം ഭ്രമണപഥം ഉയര്‍ത്തലും വിജയം

ആദിത്യ ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ അകലെ;  മൂന്നാം ഭ്രമണപഥം ഉയര്‍ത്തലും വിജയം

തിരുവനന്തപുരം: ഇന്ത്യയുടെ സൗര പഠന ദൗത്യമായ ആദിത്യ എല്‍ 1 ന്റെ മൂന്നാം ഭ്രമണപഥം ഉയര്‍ത്തലും വിജയം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആദിത്യ എല്‍ 1 നെ ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്.

ലക്ഷ്യത്തിലെത്താന്‍ രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. 15 ലക്ഷം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തെ ലെഗ്രാഞ്ച് പോയിന്റ് 1 ലേക്കാണ് ആദിത്യ കുതിക്കുന്നത്. അഞ്ച് വര്‍ഷമാണ് ദൗത്യ കാലാവധി.

ചന്ദ്രയാന്‍ 3 ന്റെ അഭിമാനകരമായ വിജയത്തിന്റെ തൊട്ടുപിന്നാലെ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വികസിപ്പിച്ച പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ ശ്രേണിയിലുള്ള റോക്കറ്റാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ആദിത്യയെ വിക്ഷേപിച്ചത്.

മൗറീഷ്യസ്, ബംഗളൂരു, ആന്‍ഡമാനിലെ പോര്‍ട്ട് ബ്‌ളെയര്‍ എന്നിവിടങ്ങളിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ നിന്നാണ് ആദിത്യയെ നിയന്ത്രിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ തന്നെ രൂപകല്‍പന ചെയ്ത പേടകമെന്ന സവിശേഷത ആദിത്യയ്ക്കുണ്ട്. സൂര്യനെ സൂക്ഷ്മമായി നിരീക്ഷിക്കാനുതകുന്ന ഏഴ് ആധുനിക പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.

സൂര്യന്റെ ഘടന, താപ വ്യതിയാനം, സൗര സ്‌ഫോടനങ്ങള്‍ തുടങ്ങിയവയെപ്പറ്റിയാവും പ്രധാനമായും ആദിത്യ പഠിക്കുക. നാല് ഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തി സെപ്റ്റംബര്‍ 18 ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ആദിത്യയെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.