തിരുവനന്തപുരം: ശബരിമല ടെന്‍ഡര്‍ നേടിയ ദളിത് യുവാവിനെ മുഖത്തടിക്കുകയും ജാതി അധിക്ഷേപം നടത്തിുകയും ചെയ്തതായി പരാതി. വരാനിരിക്കുന്ന തീര്‍ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തില്‍ ഉണ്ണിയപ്പം തയ്യാറാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച ടെന്‍ഡറില്‍ ടെന്‍ഡര്‍ നേടിയ ദളിത് യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായാണ് പരാതി.
പള്ളിച്ചലിന് സമീപം തേരിക്കാവിള സ്വദേശി സുബി (43) നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്ട്- 1989 സെക്ഷന്‍ 3 (1) (എസ്) പ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. 294-ബി (ദുരുപയോഗത്തിന്), 34 (ഒന്നിലധികം ആളുകള്‍ ചെയ്ത കുറ്റകൃത്യത്തിന്) ചേര്‍ത്തിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് സ്വദേശി ജഗദീഷ്, കരകുളം സ്വദേശി രമേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഉയര്‍ന്ന ജാതിക്കാരായ മുഴുവന്‍ ആളുകളും ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുന്നതു വരെ ദേവസ്വം ടെന്‍ഡറില്‍ താഴ്ന്ന അയിത്ത ജാതിക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ലെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പ്രതികള്‍ തന്റെ മുഖത്തടിച്ചതെന്ന് യുവാവ് പറഞ്ഞു.
ടെന്‍ഡര്‍ എടുത്ത ശേഷം നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ഓഫീസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന തന്നെ രണ്ട് സമീപിച്ച് 'പുലയ' എന്ന് വിളിക്കുകയും പുലയരുടേതല്ല, ഹിന്ദുക്കളുടേതായ ശബരിമലയുടെ ടെന്‍ഡറില്‍ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന് തന്നോട് ചോദിക്കുകയും ചെയ്തു. പിന്നീട് ക്ഷേത്ര വളപ്പില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എല്ലാവരുടെയും മുന്നില്‍ വെച്ച് അവര്‍ തന്റെ മുഖത്തും തുപ്പിയെന്നും സുബി പരാതിയില്‍ പറയുന്നു.
പ്രതികളും ടെന്‍ഡറില്‍ പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ടെന്‍ഡര്‍ കിട്ടാത്തതില്‍ അവര്‍ വളരെയധികം അസ്വസ്ഥരായിരുന്നുവെന്നും അതായിരിക്കാം അവരുടെ അക്രമത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ തവണയും താന്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. പക്ഷേ അത് ലഭിച്ചില്ല. പരാജയവും വിജയവും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും സുബി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.