പടക്കോപ്പുകള്‍ നിറച്ച ട്രെയിനില്‍ കിം റഷ്യയിലെത്തി; പുടിനുമായി കൂടിക്കാഴ്ച ഇന്ന്: ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

പടക്കോപ്പുകള്‍ നിറച്ച ട്രെയിനില്‍ കിം റഷ്യയിലെത്തി; പുടിനുമായി കൂടിക്കാഴ്ച ഇന്ന്: ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ച് ഇരു സര്‍ക്കാരുകളും. കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നേക്കും. ഇതിനായി ഉത്തരകൊറിയന്‍ തലസ്ഥാനം പോങ്യാങ്ങില്‍നിന്ന് കിം ട്രെയിന്‍ മാര്‍ഗം റഷ്യയിലെത്തി. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എയും കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശന വിവരം സ്ഥിരീകരിച്ചു. നാലു വര്‍ഷത്തിനുശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ആയുധ ഇടപാടില്‍ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് തള്ളിയാണ് കിമ്മിന്റെ റഷ്യ സന്ദര്‍ശനം.

വളരെ അപൂര്‍വമായാണ് കിം വിദേശയാത്ര നടത്താറുള്ളത്. പുടിന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് കിം റഷ്യ സന്ദര്‍ശിക്കുന്നത്. വിദേശ സന്ദര്‍ശനത്തിനായി കിം ഉപയോഗിക്കാറുള്ള പച്ച നിറമുള്ള ട്രെയിന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


ട്രെയ്‌നിന്റെ ഉള്‍വശം (ഫയല്‍ ചിത്രം)

സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കിം സഞ്ചരിക്കുന്ന സ്വകാര്യ ട്രെയിനിന്റെ വിശേഷങ്ങള്‍ വീണ്ടും വിദേശ മാധ്യമങ്ങളില്‍ നിറയുകയാണ്. പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള 90 മുറികളുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 60 കി.മീ മാത്രമാണ്. യാത്രയില്‍ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായുണ്ടാകും. ഈ ട്രെയിനിന് സഞ്ചരിക്കാന്‍ വേണ്ടി മാത്രം ഉത്തര കൊറിയയില്‍ 20 റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്. പോങ്യാങ്ങില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് കിം തന്റെ കവചിത ട്രെയിനില്‍ നിന്ന് കൈവീശി കാണിക്കുന്ന ഫോട്ടോകള്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പങ്കുവച്ചു.

റഷ്യന്‍ നഗരമായ വ്ളാഡിവോസ്തോക്കില്‍ ചൊവ്വാഴ്ചയായിരിക്കും കിമ്മും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഇതേ നഗരത്തില്‍ തന്നെയാണ് 2019-ല്‍ കിം-പുടിന്‍ കൂടിക്കാഴ്ച ആദ്യം നടന്നത്.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തില്‍ ആയുധങ്ങള്‍ കുറഞ്ഞതോടെയാണ് പുടിന്‍-കിം കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ കൈവശം ദശലക്ഷക്കണക്കിന് ആര്‍ട്ടിലറി ഷെല്ലുകളും റോക്കറ്റുകളുമുണ്ട്. ഇവ റഷ്യന്‍ സൈന്യത്തിന് നല്‍കാനും പകരം ഭക്ഷ്യവസ്തുക്കള്‍, ഊര്‍ജം എന്നിവയും ബാലിസ്റ്റിക് മിസൈലുകള്‍, ന്യൂക്ലിയാര്‍ ബാലിസ്റ്റിക് മിസൈല്‍ സബ് മറൈനുകള്‍, ശത്രു സങ്കേത പരിശോധന നടത്താവുന്ന ഉപഗ്രഹങ്ങള്‍ എന്നിവയാണ് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്.

ഉക്രെയ്ന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ഉത്തരകൊറിയയും റഷ്യയും സൗഹൃദം ശക്തമായത്. കിമ്മിന്റെ സന്ദര്‍ശനവും അനുബന്ധ കാര്യങ്ങളും ദക്ഷിണ കൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം ദക്ഷിണ കൊറിയ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്ന് റഷ്യ അറിയിച്ചു.

ഉത്തരകൊറിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഉത്തരകൊറിയയില്‍ നിന്ന് റഷ്യയിലേക്ക് ആയുധങ്ങള്‍ കൈമാറുന്നത് ഒന്നിലധികം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാകുമെന്ന് ഇരുരാജ്യങ്ങളെയും ഓര്‍മിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. എന്നാല്‍ ആയുധ കൈമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യയും ഉത്തരകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.