പരദൂഷണം പകര്‍ച്ചവ്യാധിയാണ്; മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതെ നേരിട്ട് സംസാരിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തുക: ഫ്രാന്‍സിസ് പാപ്പ

പരദൂഷണം പകര്‍ച്ചവ്യാധിയാണ്; മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതെ നേരിട്ട് സംസാരിച്ച് തെറ്റുകള്‍ ബോധ്യപ്പെടുത്തുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മോടു തെറ്റു ചെയ്ത സഹോദരനെ തിരുത്തുന്നത് സഹോദരസ്‌നേഹത്തിന്റെ മഹത്തായ പ്രകടനമാണെന്ന് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ അത് പരദൂഷണം പറഞ്ഞുകൊണ്ടായിരിക്കരുത് മറിച്ച്, അവനുമായുള്ള സ്വകാര്യ സംഭാഷണത്തിലൂടെയാണ് സാധ്യമാക്കേണ്ടത്. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ തീര്‍ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.

മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുള്ള ഒരുക്കമായി, ആ ദിവസത്തെ സുവിശേഷ ഭാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ പരിശുദ്ധ പിതാവ് പങ്കുവച്ചു. ഒരു സഹോദരന്‍ നമ്മോട് തെറ്റു ചെയ്‌തെന്ന് നമുക്കു തോന്നിയാല്‍, അവനോട് എപ്രകാരമാണ് ഇടപെടേണ്ടതെന്ന് (മത്തായി 18: 15 - 20) യേശു നമ്മെ പഠിപ്പിക്കുന്നു.

സാഹോദര്യ മനോഭാവത്തോടെ തിരുത്തലുകള്‍ നല്‍കുന്നത് സ്‌നേഹത്തിന്റെ ഉത്കൃഷ്ടമായ പ്രകടനമാണ്. എന്നാല്‍, അത് ഒരു വെല്ലുവിളിയുമാണ്. കാരണം, തെറ്റു ചെയ്ത ഒരു സഹോദരനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച് പകരം വീട്ടാനാണ് പലപ്പോഴും നാം ആദ്യം ശ്രമിക്കുന്നത്. അതിനു പകരം തികച്ചും സ്വകാര്യമായി, നേരിട്ട് ബന്ധപ്പെട്ട് രമ്യതയിലെത്താനാണ് നാം ശ്രമിക്കേണ്ടത്.

പരദൂഷണം വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്ന പകര്‍ച്ചവ്യാധിക്കു തുല്യമായ കാര്യമാണ് എന്ന് താന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം പാപ്പ അനുസ്മരിച്ചു. വിഭജനം, കഷ്ടത, മാനഹാനി എന്നിവയിലേക്കാണു പരദൂഷണം നമ്മെ നയിക്കുന്നത്. ഒരിക്കലും അത് നമ്മെ വളരാനോ, മെച്ചപ്പെടാനോ സഹായിക്കില്ല. മറിച്ച്, അത് നമ്മെ നാശത്തില്‍ നിന്ന് നാശത്തിലേക്ക് നയിക്കും - വിശുദ്ധ ബെര്‍ണാഡ് ക്ലെയര്‍വോയെ ഉദ്ധരിച്ച് പാപ്പ പറഞ്ഞു.

നിര്‍വ്യാജമായ സാഹോദര്യം

സഹോദരനില്‍ നിന്ന് മുറിപ്പെടുത്തുന്ന അനുഭവം ഉണ്ടായാല്‍, 'നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക'
എന്നതാണ് യേശു മുന്നോട്ടുവയ്ക്കുന്ന ഉത്തമമായ മാര്‍ഗം. മുഖാമുഖം സംസാരിക്കാനും തെറ്റുകള്‍ അന്യോന്യം ബോധ്യപ്പെടുത്തി കൊടുക്കാനും പാപ്പാ എല്ലാ ക്രിസ്ത്യാനികളോടും ആഹ്വാനം ചെയ്തു. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതെ, ശാന്തമായും സൗമ്യമായും വേണം അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്തി കൊടുക്കാന്‍. ഇതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. കാരണം, അതിന്റെ പ്രയോജനം നമുക്കു തന്നെയാണ്.

സാമൂഹികതലത്തിലുള്ള ശ്രമം

സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ശേഷവും ഒരാള്‍ സ്വയം തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍, മറ്റുള്ളവരുടെ സഹായം നമുക്ക് തേടാവുന്നതാണ്. തെറ്റിദ്ധാരണയുള്ള സഹോദരനോ സഹോദരിക്കോ ഒരു കൈത്താങ്ങാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെ വേണം നാം സമീപിക്കാന്‍. ആദ്യ രണ്ടു ഘട്ടങ്ങളും പരാജയപ്പെടുകയാണെങ്കില്‍, സാമൂഹികതലത്തിലുള്ള ശ്രമം തുടരാവുന്നതാണ്. അത് ആ വ്യക്തിയെ പരസ്യമായി അപമാനിക്കാനാവരുത്, മറിച്ച് അനുരജ്ഞന ശ്രമങ്ങളെ ഏകോപിപ്പിക്കാനാവണം.

തെറ്റിനെ അപലപിക്കുമ്പോഴും, ക്ഷമിക്കാന്‍ തയ്യാറായി, പ്രാര്‍ത്ഥനയോടും വാത്സല്യത്തോടുംകൂടി അത് നിര്‍വഹിക്കണം. എന്നാല്‍, നാം അപരനിലേക്ക് വിരല്‍ ചൂണ്ടി സംസാരിച്ചാല്‍, സ്വന്തം തെറ്റിനെ അംഗീകരിക്കാന്‍ അത് അവന് പലപ്പോഴും തടസമായിത്തീരും.

നന്മയുടെ വഴിയേ

അവസാനമായി, നമ്മോടു തെറ്റു ചെയ്യുന്നവരോടുളള നമ്മുടെ മനോഭാവം പരിശോധിച്ചു കണ്ടെത്താന്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട കുറേ ചോദ്യങ്ങളും പാപ്പാ മുന്നോട്ട് വെച്ചു. 'മറ്റുള്ളവരോടുള്ള നീരസം ഞാന്‍ ഉള്ളില്‍ സൂക്ഷിക്കാറുണ്ടോ? അവരുടെ അഭാവത്തില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കാറുണ്ടോ? അതോ, അവരോട് തന്നെ നേരിട്ട് സംസാരിക്കാനാണോ ഞാന്‍ ശ്രമിക്കാറ്? അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടോ?'

മറ്റുള്ളവരുമായുള്ള ബന്ധങ്ങളില്‍ എപ്പോഴും നന്മയുടെ വഴികള്‍ മാത്രം തേടുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം അപേക്ഷിച്ച് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.