സിബിഐ 'തിരക്കിലാണ്'; 34ാം തവണയും ലാവലിന്‍ കേസ് മാറ്റി വച്ചു

 സിബിഐ 'തിരക്കിലാണ്'; 34ാം തവണയും  ലാവലിന്‍ കേസ് മാറ്റി വച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് 34ാം തവണയും കേസ് വാദം കേള്‍ക്കാതെ മാറ്റി വച്ചത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെ തുര്‍ന്ന്് കേസ് മാറ്റി വയ്ക്കുകയായിരുന്നു.

2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍,? മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

2006 മാര്‍ച്ച് ഒന്നിനാണ് എസ്.എന്‍.സി ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍ നാലിന്, ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വി.എസ് സര്‍ക്കാര്‍ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കി.

2013 നവംബര്‍ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ഓഗസ്റ്റ് 23 ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.