ലിബിയയില്‍ അതിതീവ്രമഴയില്‍ രണ്ടു ഡാമുകള്‍ തകര്‍ന്നു; 2,000ത്തിലധികം പേര്‍ മരിച്ചു; കാണാതായവര്‍ 5000

 ലിബിയയില്‍ അതിതീവ്രമഴയില്‍ രണ്ടു ഡാമുകള്‍ തകര്‍ന്നു; 2,000ത്തിലധികം പേര്‍ മരിച്ചു; കാണാതായവര്‍ 5000

ട്രിപ്പോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടായിരത്തിലേറെപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളെ കാണതായി. മെഡിറ്റനേറിയന്‍ ചുഴലിക്കാറ്റായ ഡാനിയല്‍ വീശയടിച്ചതിനെ തുടര്‍ന്നാണ് പ്രധാനനഗരങ്ങളിലൊന്നായ ഡെര്‍നയും സമീപപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയത്. അതിതീവ്രമഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. ഡെര്‍ന മേഖലയിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ നഗരം ഒലിച്ചുപോയി. ഡെര്‍നയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.

ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ഡെര്‍നയില്‍ ആറായിരത്തിലേറെപേരെ കാണാതായെന്നും ലിബിയന്‍ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു. ഡെര്‍നയില്‍ നിന്നുള്ള ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു കിഴക്കന്‍ പട്ടണമായ ബയ്ദയിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. നാല് പ്രധാന പാലങ്ങളും അണക്കെട്ടുകളുമാണ് തകര്‍ന്നതെന്ന് ഡെര്‍ന സിറ്റി കൗണ്‍സിലര്‍ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയത്. തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കന്‍ നഗരങ്ങളായ ബെന്‍ഗാസി, സൂസെ, ഡെര്‍ന, അല്‍ മര്‍ജ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ യുഎന്നും ആരംഭിച്ചു.

പര്‍വതങ്ങളില്‍ നിന്ന് നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെര്‍ന എന്ന നദി നിമിഷ നേരം കൊണ്ട് നിറഞ്ഞ് കവിയുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. നദി കരകവിഞ്ഞ് ഒഴുകിയതോടെ തീരത്ത് നിന്നും ഏറെ അകലെയായി ഉണ്ടായിരുന്ന ബഹുനില കെട്ടിടം അടക്കം നിലം പൊത്തി. നിരവധി വാഹനങ്ങളും വീടുകളും ഒലിച്ചു പോയി.

ഡെര്‍നയില്‍ വൈദ്യുതിയോ വാര്‍ത്താവിനിമയമോ ഇല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ ദുരിതത്തിലായിരിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള പതാകകള്‍ പകുതി താഴ്ത്താനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.