കൊളംബോ: സൂപ്പര്‍ 4 പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 41 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍: ഇന്ത്യ - 213 (49.1 ഓവര്‍), ശ്രീലങ്ക - 172 (41.2 ഓവര്‍).
പാക്കിസ്ഥാനെതിരായ വന്‍ വിജയത്തിന്റെ ആവേശത്തില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ ഗംഭീര തുടക്കം നല്‍കി. 11 ഓവറില്‍ സ്‌കോര്‍ 80 കടന്നു. എന്നാല്‍ നന്നായി കളിച്ചുവന്ന ഗില്ലിനെ ബോള്‍ഡാക്കി ദുനിത് വെല്ലലഗെ ശ്രീലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നു വന്ന കോലിക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. ദുലിത് വെല്ലലഗെയുടെ പന്തില്‍ പുറത്താകുമ്പോള്‍ 12 പന്തില്‍ നിന്നു 3 റണ്‍സു മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ട് ഓവറിന്റെ വ്യത്യാസത്തില്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്തു വന്ന നായകന്‍ രോഹിത് ശര്‍മയും (48 പന്തില്‍ നിന്ന് 53 റണ്‍സ്) പുറത്തായതോടെ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലേക്ക് വഴുതിവീണു.
തുടര്‍ന്ന് ഇഷാന്‍ കിഷനും കെഎല്‍ രാഹുലും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തുടര്‍ന്നു വന്ന ബാറ്റര്‍മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് 213 ല്‍ അവസാനിച്ചു. വാലറ്റത്ത് അക്‌സര്‍ പട്ടേല്‍ നടത്തിയ ചെറിയൊരു രക്ഷാപ്രവര്‍ത്തനം കൂടെ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുെട സ്‌കോര്‍ 200 പോലും കടക്കില്ലായിരുന്നു.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ബുംറയും സിറാജും വരിഞ്ഞു മുറുക്കി. മൂന്നാം ഓവറില്‍ നിസങ്കയെ പുറത്താക്കി ആദ്യ ബ്രേക്ക് ത്രൂ നല്‍കിയ ബുംറ കുശാല്‍ മെന്‍ഡിസിനെയും പുറത്താക്കി ശ്രീലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പ് സിറാജ് കരുണരത്‌നെയെ മടക്കുമ്പോള്‍ കേവലം 25 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് നാലും, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. സിറാജ്, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.