മൊറോക്കോയിൽ മരണം 3000ത്തിനടുത്ത്; ഒരു ലക്ഷത്തിനധികം കുട്ടികളെ ഭൂചലനം ബാധിച്ചു

മൊറോക്കോയിൽ മരണം 3000ത്തിനടുത്ത്; ഒരു ലക്ഷത്തിനധികം കുട്ടികളെ ഭൂചലനം ബാധിച്ചു

റബറ്റ്: മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3000ത്തിനോടടുത്തു. പലഗ്രാമങ്ങളും മുഴുവനായും ഭാഗീകമായും തകർന്ന നിലയിലാണ്. മൊറോക്കോയുടെ തെക്കൻ പ്രവശ്യകളിലാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കനത്തനാശം വിതച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്താനുള്ള മൊറോക്കയുടെ ശ്രമത്തിൽ സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒപ്പമുണ്ട്. ഭൂകമ്പം ഏറെ നാശം വിതച്ച പർവത പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള പ്രായാസം കാരണം കാണാതായവരുടെ വ്യക്തമായ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

1955 ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച മോറോക്കോയിലെ ടിൻമൽ ​ഗ്രാമത്തിലെ എല്ലാ വീടുകളും പൂർണമായും നശിച്ചു. ​ പ്രദേശവാസികളെല്ലാം മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. പുരാതന കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പബാധിത ഗ്രാമപ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങൾ എത്തിക്കാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അതിജീവിച്ചവർക്ക് കുടിവെള്ളം, ഭക്ഷണം, ടെന്റുകൾ പുതപ്പുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും വിദേശ രക്ഷാപ്രവർത്തകരും ചേർന്ന് ​ഗതാ​ഗതം പുനഃക്രമീകരിക്കാനുള്ള ശ്രമം തുടരുകയാണ്. ​റോഡിലുള്ള അവശിഷ്ടങ്ങളും പാറക്കെട്ടുകളും നീക്കം ചെയ്യുന്നത് തുടരുകയാണ്. സ്പെയിനിൽനിന്നും ബ്രിട്ടനിൽനിന്നുമുള്ള സഹായ വാ​ഗ്ദാനങ്ങൾ മോറോക്കോ സ്വീകരിച്ചു. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകരെ മോറോക്കയിലേക്ക് എത്തിക്കുന്നതിനായി മൂന്ന് വിമാനങ്ങൾ അനുവദിച്ചതായി അയൽരാജ്യമായ അൾജീരിയ അറിയിച്ചു.

ഒരു ലക്ഷത്തിലധികം കുട്ടികളെ ഭൂചലനം ബാധിച്ചതായി യുഎന്നിന്റെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് അറിയിച്ചു. മരിച്ചതും പരിക്കേറ്റതുമായ കുട്ടികളുടെ യഥാർത്ഥ കണക്കുകൾ ലഭ്യമല്ലെന്നും യുഎൻ വ്യക്തമാക്കി. മൂന്ന് ലക്ഷത്തിലധികം ജനങ്ങളെ ഭൂചലനം ബാധിച്ചതായാണ് യുഎന്നിന്റെ കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.