സിനഡ് കമ്മിറ്റിയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: മീഡിയാ കമ്മീഷന്‍ സെക്രട്ടറി

 സിനഡ് കമ്മിറ്റിയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: മീഡിയാ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌ന പരിഹാരത്തിനായി സീറോ മലബാര്‍ സഭാ സിനഡ് നിയോഗിച്ച മെത്രാന്മാരുടെ നേതൃത്വത്തില്‍ സമിതി ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണെന്ന് സീറോ മലബാര്‍ സഭയുടെ പി.ആര്‍.ഒയും മീഡിയാ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര.സിനഡു സമിതിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഭ പ്രസ്താവന പുറത്തിറക്കിയത്.

ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊന്തിഫിക്കല്‍ ഡെലഗേറ്റു വഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് ചര്‍ച്ചകളുടെ പ്രാരംഭമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. ഈ വസ്തുത സിനഡു സമ്മേളനത്തിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും വ്യക്തമാക്കിയിട്ടുമുണ്ട്.

അതിനാല്‍, ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അറിയിച്ചിട്ടുണ്ട്. പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ പരിഗണനക്കായി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ബന്ധപ്പെട്ടവരെ അതാത് സമയങ്ങളില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നടത്തിയ ചര്‍ച്ചകളില്‍ അന്തിമമായ തീരുമാനം ഇനിയും രൂപപ്പെട്ടിട്ടില്ലെന്നിരിക്കെ വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ അത്തരം നടപടികളില്‍ നിന്നും പിന്മാറേണ്ടതാണെന്നുമാണ് സഭ ആവശ്യപ്പെടുന്നത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ നടന്ന സിനഡ് നിയോഗിച്ച ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നേതൃത്വത്തിലുള്ള ആറംഗ മെത്രാന്‍ സമിതിയും തുടര്‍ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട അല്‍മായ പ്രമുഖരും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.

പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ ഒന്നാംഘട്ട ദൗത്യപൂര്‍ത്തീകരണത്തിനുശേഷം നടന്ന ഓഗസ്റ്റ് മാസത്തിലെ സിനഡില്‍ അദേഹത്തിന്റെ ദൗത്യങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചര്‍ച്ച തുടരുവാന്‍ സിനഡു തീരുമാനിച്ചിരുന്നു.

ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഒന്‍പത് മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായി പതിനാറു തവണ ചര്‍ച്ചകളും നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും ഫൊറോനാ വികാരിമാരുമായും വൈദിക സമിതി (Presbyteral Council) അംഗങ്ങളുമായും അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുമായും വിവിധ അല്‍മായ സംഘടനാ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടന്നു.

ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിസന്ധികള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ തുടര്‍ന്നത്. സീറോ മലബാര്‍ സഭയുടെ സിനഡു തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആത്യന്തികമായി നടപ്പിലാക്കപ്പെടണമെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം എങ്ങനെ നടപ്പില്‍ വരുത്തണമെന്നത് മാത്രമായിരുന്നു ചര്‍ച്ചാവിഷയം. ഏതെങ്കിലും ഒരു രൂപതയില്‍ ഇതു നടപ്പിലാക്കാന്‍ പ്രതിസന്ധി നേരിടുന്നു എന്നതു മേല്പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല.

ഈ സത്യം മനസിലാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ചുള്ള സിനഡു തീരുമാനം നടപ്പിലാക്കി സഭാകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും സഭ അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ സഭാകൂട്ടായ്മയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും നിക്ഷിപ്തതാല്പര്യങ്ങള്‍ മനസ്സിലാക്കി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണെമെന്നും സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അഭിപ്രായാന്തരങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിഘാതമാകുന്ന പ്രസ്താവനകളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നൊരു മനസോടെ മുന്നോട്ട് നീങ്ങണമെന്നുമാണ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.