ജയില്‍ചാടിയ പെന്‍സില്‍വാനിയ കൊലപാതകക്കേസ് പ്രതി പിടിയില്‍; കൊടുംകുറ്റവാളിയെ പിടിച്ചത് തെര്‍മല്‍ ഹീറ്റ്മാപ് സാങ്കേതികവിദ്യ ഉപയോഗിച്ച്

ജയില്‍ചാടിയ പെന്‍സില്‍വാനിയ കൊലപാതകക്കേസ് പ്രതി പിടിയില്‍; കൊടുംകുറ്റവാളിയെ പിടിച്ചത് തെര്‍മല്‍ ഹീറ്റ്മാപ് സാങ്കേതികവിദ്യ ഉപയോഗിച്ച്

പെന്‍സില്‍വാനിയ: 2021ല്‍ പെന്‍സില്‍വാനിയയില്‍ പെണ്‍സുഹൃത്തിനെ അതിക്രൂരമായി കത്തികൊണ്ടു കുത്തികൊന്ന കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്നതിനിടെ ചാടി രക്ഷപെട്ട കൊടുംകുറ്റവാളിയെ രണ്ടാഴ്ചത്തെ തീവ്രശ്രമത്തിനു ശേഷം പോലീസ് സാഹസികമായി പിടികൂടി.

തെര്‍മല്‍ ഹീറ്റ്മാപ് സാങ്കേതികവിദ്യയുടെയും പോലീസ് നായയുടെയും സഹായത്തോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.

ബ്രസീലുകാരനായ ഡാനെലോ കാവല്‍കാന്റെ ആണ് പോലീസുകാരെ വെട്ടിച്ച് പെന്‍സില്‍വാനിയ ജയിലില്‍ നിന്നും അതിവിദഗ്ധമായി കടന്നു കളഞ്ഞത്. 2021ല്‍ തന്റെ പെണ്‍സുഹൃത്തായിരുന്ന ഡെബോറോ ബ്രാന്‍ഡോയെ നിഷ്ഠൂരമായി കുത്തികൊന്ന കുറ്റത്തിനാണ് കാവല്‍കാന്റെ പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 31നാണ് പ്രതി ജയില്‍ ചാടിയത്. കൊടുംകുറ്റവാളിയുടെ ജയില്‍ചാട്ടത്തെ തുടര്‍ന്ന് സമീപ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അടക്കം അവധി നല്‍കിയിരുന്നു. കുറ്റവാളിയെ പേടിച്ച് രാത്രിയില്‍ ആരും പുറത്തിറങ്ങാതിരുന്നതിനാല്‍ പ്രദേശങ്ങള്‍ എല്ലാം രാത്രിയില്‍ വിജനമായിരുന്നു.

രണ്ടാഴ്ചയായി നൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിക്കായി ശക്തമായ തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഒടുവില്‍ തെര്‍മല്‍ ഹീറ്റ് സാങ്കേതിക വിദ്യയുടെയും പോലീസ് നായയുടെയും സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പോലീസിനെ അക്രമിച്ചു രക്ഷപെടാന്‍ പ്രതി ശ്രമിച്ചുവെങ്കിലും പ്രതിയെ പിടികൂടുന്നതിനിടെയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പെന്‍സില്‍വാനിയ പോലീസ് അറിയിച്ചിട്ടുണ്ട്. ബ്രസീലില്‍ മറ്റൊരു കൊലപാതകക്കേസും പ്രതിയുടെ പേരിലുണ്ട്.

ബ്രാന്‍ഡോയുടെ കുടുംബത്തോടൊപ്പം പ്രദേശവാസികളും കാവല്‍കാന്റെ പിടിയിലായെന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തുവെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവിലുള്ള കൊലക്കുറ്റത്തിനു പുറമെ ജയില്‍ ചാടിയതിനുള്ള ശിക്ഷയും കാവല്‍കാന്റെ നേരിടേണ്ടി വരുമെന്ന് പെന്‍സില്‍വാനിയ ജയില്‍ അധികൃതര്‍ അറിയിച്ചു.

കാവല്‍കാന്റെയെ പിടികൂടിയത് ഇങ്ങനെ!

കാവല്‍കാന്റെയെ പിടികൂടിയതിനെക്കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ. രാവിലെ ഒരു മണിയോടെ ഒരു വീടിന്റെ സെക്യൂരിറ്റി അലാം മുഴങ്ങി. പോലീസ് പരിസരം പരിശോധിച്ചെങ്കിലും കാവല്‍കാന്റെയെ കണ്ടെത്താനായില്ല.

പിന്നീട് യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ എയര്‍ക്രാഫ്റ്റില്‍ ഹീറ്റ്മാപ് സിഗ്നല്‍ ലഭിച്ചു. സിഗ്നല്‍ ലഭിച്ച പ്രദേശം വളഞ്ഞ പോലീസിന് പക്ഷേ ഇടിയും മിന്നലും മൂലം എയര്‍ക്രാഫ്റ്റിനു മടങ്ങേണ്ടി വന്നതിനാല്‍ രാത്രിയില്‍ മുന്നേറാനായില്ല.

രാത്രി മുഴുവന്‍ പ്രദേശം വളഞ്ഞ സംഘം വെളുപ്പിനെ എട്ടു മണിക്ക് എയര്‍ക്രാഫ്റ്റ് എത്തിയതോടെ ദൗത്യം തുടര്‍ന്നു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തടികള്‍ക്കിടയില്‍ നിന്നും ഒളിച്ചിരുന്ന അക്രമിയെ കണ്ടെത്തി കീഴ്‌പെടുത്തുകയായിരുന്നു.

ശരീരത്തിന്റെ ഊഷ്മാവ് മനസിലാക്കി ജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് തെര്‍മല്‍ ഹീറ്റ്മാപ്. തടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന അക്രമിയെ തിരിച്ചറിഞ്ഞതും ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.