കര്‍ഷക ആത്മഹത്യയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷന്‍

കര്‍ഷക ആത്മഹത്യയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സംഭവം ദാരുണമാണെന്നും കേന്ദ്രസര്‍ക്കാറാണ് ദുരന്തത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.

'വളരെ ദാരുണം. ഈ ക്രൂരമായ സര്‍ക്കാര്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാന്‍ ആഗ്രഹിക്കുന്നു. കൂടാതെ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്' -പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ബിലാസ്പൂരില്‍നിന്നുള്ള കശ്മീര്‍ സിങ് ലാദിയെന്ന 75 കാരനായ കര്‍ഷകനാണ് പ്രക്ഷോഭത്തിനിടെ ശനിയാഴ്ചആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തു.

'കഴിഞ്ഞ നാളുകളില്‍ കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. എന്റെ മരണം ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.' - ഇതായിരുന്നു ലാദിയുടെ കുറിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.