ചരിത്രം കുറിച്ച് പോളണ്ടിലെ ഉല്‍മ കുടുംബം; പിഞ്ചു കുഞ്ഞുള്‍പ്പെടെ രക്തസാക്ഷികളായ ഒന്‍പത് പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

ചരിത്രം കുറിച്ച് പോളണ്ടിലെ ഉല്‍മ കുടുംബം; പിഞ്ചു കുഞ്ഞുള്‍പ്പെടെ രക്തസാക്ഷികളായ ഒന്‍പത് പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

ജോസ് വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളാൽ പീഡിപ്പിക്കപ്പെട്ട ഏതാനും യഹൂദർക്ക് അഭയം നൽകിയതിന്റെ പേരിൽ കൊല്ലപ്പെട്ട പോളണ്ടിലെ ഉൽമ കുടുംബത്തിലെ ഒൻപത് പേരെ അനുസ്മരിച്ച് മാർപാപ്പ. അവരുടെ വീരോചിതമായ രക്തസാക്ഷിത്വത്തെ പാപ്പ പ്രശംസിക്കുകയും, നന്മ ചെയ്യാനും മറ്റുള്ളവർക്ക് സേവനം ചെയ്യാനുമുള്ള നമ്മുടെ പരിശ്രമങ്ങളിൽ ഒരു മാതൃകയായി അവരെ ഉയർത്തിക്കാട്ടുകയും ചെയ്തു. യുദ്ധത്തിന്റെ നാളുകളിൽ, വിദ്വേഷവും അക്രമവും ലോകമെങ്ങും ഇരുൾ പരത്തിയപ്പോൾ, പ്രകാശ കിരണങ്ങളായി ജ്വലിച്ചവരാണ് അവർ എന്ന് പാപ്പ പറഞ്ഞു.

ജോസഫ് ഉൽമയും ഭാര്യ വിക്ടോറിയയും അവരുടെ ഏഴു മക്കളുമാണ് 1944 മാർച്ച് 24 - ന്, ഒരു യഹൂദ കുടുംബത്തെ തങ്ങളുടെ ഭവനത്തിൽ അഭയം നൽകി പാർപ്പിച്ചു എന്ന കുറ്റത്തിന്, നാസി പട്ടാളത്താൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കൂട്ടക്കൊല ചെയ്യപ്പെട്ടത്. അവരോടൊപ്പം അവർ അഭയം നൽകിയ യഹൂദ കുടുംബത്തിലെ എട്ട് അംഗങ്ങളെയും നാസികൾ ഇല്ലായ്മ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പോളണ്ടിലെ മർക്കോവയിൽ വച്ച് ഉൽമ കുടുംബത്തിലെ ഈ ഒൻപതു പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

കത്തോലിക്കാ സഭയിൽ ഇതാദ്യമായാണ് ഒരു കുടുംബത്തെ മുഴുവൻ രക്തസാക്ഷികളായി അംഗീകരിച്ച്, ഒരേ സമയം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. സുവിശേഷാത്‌മക സ്നേഹത്തെ പുണർന്നുകൊണ്ട് മരണം വരിച്ച അവർ ഇന്നും ഒരു മാതൃകയായി നമുക്കു മുമ്പിൽ പ്രശോഭിക്കുന്നു എന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ആയുധബലത്തെ ഉപവിയിലൂടെയും ആക്രമണോത്സുകമായ വാചാടോപങ്ങളെ പ്രാർത്ഥന കൊണ്ടും നേരിടാൻ എല്ലാ ക്രിസ്ത്യാനികളെയും പാപ്പ ഉദ്‌ബോധിപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിലും യുദ്ധങ്ങൾ മൂലമുള്ള ദാരുണപീഡകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. പ്രത്യേകിച്ച് യുദ്ധക്കെടുതികളാൽ വലിയ സഹനങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഉക്രേനിയൻ ജനതക്കു വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കണം - പാപ്പാ ഓർമപ്പെടുത്തി.

ഉൽമ കുടുംബം, ഇനി വാഴ്ത്തപ്പെട്ടവർ

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ മാർസെലോ സെമെരാറോയാണ് ഉൽമ കുടുംബത്തിലെ ഒൻപത് അംഗങ്ങളെയും വാഴ്ത്തപ്പെട്ടവർ എന്ന പദവിലേക്ക് ഉയർത്തിയതായി പ്രഖ്യാപിച്ചത്. ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ, അദ്ദേഹം മുഖ്യ കാർമ്മികത്വം വഹിച്ചു. മറ്റ് ഏഴ് കർദിനാൾമാരും ആയിരത്തിലധികം വൈദികരും 32,000 വിശ്വാസികളും ചടങ്ങുകളിൽ ആദ്യന്തം പങ്കെടുത്തു.

വാഴ്ത്തപ്പെട്ടവരായ പ്രഖ്യാപിച്ച ഉൽമ കുടുംബാംഗങ്ങൾ ഇവരാണ്: ജോസഫ് ഉൽമ, അദ്ദേഹത്തിൻ്റെ ഭാര്യ വിക്ടോറിയ, മക്കളായ സ്റ്റാനിസ്ലാവ, ബാർബര, വ്ലാഡിസ്ലാവ്, ഫ്രാൻസിസെക്, അന്തോണി, മരിയ. അമ്മ വിക്ടോറിയയോടൊപ്പം രക്തസാക്ഷിത്വം വരിച്ച, പേരിടാത്ത കുട്ടിയാണ് ഇവരോടൊപ്പമുള്ള ഒൻപതാമത്തെ കുടുംബാംഗം.

ഉൽമ കുടുംബം, നിന്ദിക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരും മരണഭീതിയിൽ കഴിഞ്ഞവരുമായവരെ സ്വാഗതം ചെയ്ത്, തങ്ങളുടെ ഭവനത്തെ ഒരു സത്രമാക്കി മാറ്റി. ജോസഫിന്റെയും വിക്ടോറിയയുടെയും വിശുദ്ധിയിലേക്ക്, തങ്ങളുടെ വൈവാഹിക ജീവിതത്തെ മാത്രമല്ല, കുടംബത്തെയൊന്നാകെ അവർ ഉൾച്ചേർത്തു - വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ കർദിനാൾ സെമെരാറോ പറഞ്ഞു.

പേരില്ലാത്ത അനുഗ്രഹീത ശിശു

പുതുതായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട പേരിടാത്ത ശിശുവിനെക്കുറിച്ച് കർദിനാൾ സെമെരാറോ പ്രത്യേകം എടുത്തു പറഞ്ഞു. ഈ ലോകത്തിൽ ഒരു വാക്കുപോലും ഉരിയാടാത്ത ആ ശിശു, ജീവനെ സ്നേഹിക്കാനും സ്വാഗതം ചെയ്യാനും സംരക്ഷിക്കാനും ഇന്നത്തെ ലോകത്തോട് വിളിച്ചു പറയുന്നു, പ്രത്യേകിച്ച്, പാർശ്വവൽക്കരിക്കപ്പെട്ടവരും സ്വയരക്ഷക്ക് പ്രാപ്തരല്ലാത്തവരുമായവരുടെ ജീവനെ, ആരംഭ നിമിഷം മുതൽ അതിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്.

ഗർഭഛിദ്രം, ദയാവധം, ദൈവീക ദാനമായ ജീവനോടുള്ള അവജ്ഞ തുടങ്ങിയവ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ് ആ കുഞ്ഞിന്റെ ശബ്ദം എന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധ പിതാവ് പലപ്പോഴും അപലപിച്ചിട്ടുള്ള 'വലിച്ചെറിയൽ' സംസ്കാരത്തിനെതിരായി ശബ്ദമുയർത്താൻ ഉൽമ കുടുംബം നമുക്ക് പ്രചോദനം നൽകുന്നു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.