കൊളംബോ: കരുത്തരായ പാകിസ്ഥാനെയും ശ്രീലങ്കയെയും തകര്‍ത്ത് ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മല്‍സരം.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മല്‍സരം പരീക്ഷണത്തിനുള്ള അവസരമായേക്കും. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായ ബംഗ്ലദേശിന് തലയെടുപ്പോടെ നാട്ടിലേക്ക് മടങ്ങാന്‍ വിജയം ആവശ്യമാണ്.
അതേ സമയം, പാകിസ്ഥാനെതിരായ മല്‍സരം റിസര്‍വ് ദിനത്തിലേക്കു നീണ്ടതോടെ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്. അതു കൊണ്ടു തന്നെ ഇന്നു പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്.
ജസ്പ്രീത് ബുംറയ്‌ക്കോ മുഹമ്മദ് സിറാജിനോ വിശ്രമം നല്‍കിയാല്‍ ഷമി ഇന്ന് ടീമില്‍ ഇടംപിടിക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം അഷ്‌കര്‍ പട്ടേലിന് അവസരം നല്‍കാനും സാധ്യതയുണ്ട്.
ഈ വര്‍ഷം ഏഴു ഏകദിനങ്ങള്‍ കളിച്ച അഷ്‌കറിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ശരാശരി ആറു റണ്‍സ് വഴങ്ങുന്ന അഷ്‌കര്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്നു നേടിയതാകട്ടെ മൂന്നു വിക്കറ്റ് മാത്രമാണ്.
പരിക്കില്‍ നിന്നു പൂര്‍ണ മുക്തനായ കെഎല്‍ രാഹുല്‍ ഇന്നും വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത. അതുകൊണ്ടു തന്നെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമല്ലാത്ത മലയാളിതാരം സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
എന്തായാലും മികച്ച ഫോമില്‍ കളിക്കുന്ന ടീം ഇന്ത്യ ഇന്നും ആധികാരിക വിജയം നേടി ആത്മവിശ്വാസത്തോടെ ഫൈനലില്‍ ലങ്കയെ നേരിടാനാകും ശ്രമിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.