ഇനി സര്‍ക്കാരിന് അധികാരം; ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ പാസായി

 ഇനി സര്‍ക്കാരിന് അധികാരം; ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ പാസായി

തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി. ഇനി നിയമത്തിലൂടെ പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അന്തിമ അനുമതി നല്‍കുന്ന വിസ്തീര്‍ണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും.

ആഡംബര നികുതി എന്ന വാക്കിന് പകരം അഡീഷണല്‍ നികുതി എന്നും മാറ്റിയിട്ടുണ്ട്. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചെന്നും റവന്യുമന്ത്രി പറഞ്ഞു. പതിച്ചു കൊടുത്ത ഭൂമിയിലെ നിലവിലെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്നും ഇപ്പോള്‍ അനുവദിക്കാത്ത ചില പ്രവൃത്തികള്‍ പട്ടയ ഭൂമിയില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1964 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാന ഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമസാധുത ലഭിക്കും.

നിയമ നിര്‍മ്മാണത്തോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉണ്ട്. ചട്ട രൂപീകരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും. നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകില്ലെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ടെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.