'ഭാര്യയുടെ സിസേറിയന് സാക്ഷിയായതിനെതുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായി'; മെല്‍ബണ്‍ ആശുപത്രിക്കെതിരേ കേസ് നല്‍കിയ യുവാവിന് തിരിച്ചടി

'ഭാര്യയുടെ സിസേറിയന് സാക്ഷിയായതിനെതുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായി'; മെല്‍ബണ്‍ ആശുപത്രിക്കെതിരേ കേസ് നല്‍കിയ യുവാവിന് തിരിച്ചടി

മെല്‍ബണ്‍: ഭാര്യയുടെ സിസേറിയന് സാക്ഷിയായതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷമുണ്ടായതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ ആശുപത്രിക്കെതിരേ കേസ് നല്‍കി യുവാവ്. ഭാര്യ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് നേരില്‍കണ്ട അനില്‍ കൊപ്പുലയാണ് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള റോയല്‍ വുമന്‍സ് ആശുപത്രിക്കെതിരെയാണ് പരാതിയെന്ന് സെവന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യ വിലോപമെന്ന ആരോപണമുയര്‍ത്തിയാണ് കേസ് നല്‍കിയത്.

2018ലായിരുന്നു അനിലിനും ഭാര്യക്കും കുഞ്ഞ് ജനിക്കുന്നത്. പ്രസവം കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ പ്രോത്സാഹിപ്പിച്ചതായും രക്തത്തില്‍ കുളിച്ച അവയവങ്ങളെല്ലാം കാണേണ്ടി വന്നതോടെ വലിയ മാനസിക സംഘര്‍ഷത്തിലാവുകയായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്.

വിവാഹ ബന്ധം വരെ തകരുന്ന സ്ഥിതിയിലേക്ക് സംഭവം നയിച്ചെന്നും ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു. കോടതിയില്‍ യുവാവ് തന്നെയാണ് കേസ് വാദിച്ചത്. എന്നാല്‍, യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബോധ്യമായ കോടതി പരാതി തള്ളി. അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ പാനല്‍ കോടതിയെ അറിയിച്ചത്.

കോടതി നടപടികളെ ചൂഷണം ചെയ്യുന്നുവെന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി പരാതി തള്ളിയത്. പ്രകടമായ പരിക്കുകളോ സാമ്പത്തിക നഷ്ടമോ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് തള്ളുന്നതെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.