വീട്ടമ്മമാരുടെ അക്കൗണ്ടില്‍ 1000 രൂപ എത്തി: ഈ പതിവ് എല്ലാമാസവും തുടരും; സ്ത്രീ ശാക്തീകരണത്തിന് സ്റ്റാലിന്‍ സ്റ്റൈയില്‍

വീട്ടമ്മമാരുടെ അക്കൗണ്ടില്‍ 1000 രൂപ എത്തി: ഈ പതിവ് എല്ലാമാസവും തുടരും; സ്ത്രീ ശാക്തീകരണത്തിന് സ്റ്റാലിന്‍ സ്റ്റൈയില്‍

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീട്ടമ്മമാര്‍ക്കും ഇന്നു മുതല്‍ എല്ലാ മാസവും 1000 രൂപ വീതം നല്‍കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ 'കലൈജ്ഞര്‍ മകളിര്‍ ഉരുമൈ തിട്ടം' പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.

ഗുണഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന ഇന്നു ഉച്ചയ്ക്ക് തന്നെ പണം ലഭിച്ചു. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള 1,06,50,000 വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഡി.എം.കെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ പദ്ധതി നടപ്പാക്കാന്‍ പ്രതിവര്‍ഷം 12,780 കോടി രൂപ ചെലവ് വരും. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണ്.

ഡി.എം.കെ സ്ഥാപക നേതാക്കളായ അണ്ണാദുരൈയെയും കരുണാനിധിയെയും അനുസ്മരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ 1.06 കോടി സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനായി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഒരു രൂപ ഇന്നലെ അയച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് അയച്ചിട്ടുണ്ട്. എടിഎം കാര്‍ഡ് ഇല്ലാത്തവര്‍ക്കായി പുതിയ കാര്‍ഡുകളും വിതരണത്തിനു തയാറായിട്ടുണ്ട്.

അതേസമയം അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്നു സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷകളുടെ നില സംബന്ധിച്ചുള്ള വിവരങ്ങള്‍ 18 മുതല്‍ എസ്എംഎസായി ലഭിക്കും. നിരസിക്കപ്പെട്ടവര്‍ക്കു 30 ദിവസത്തിനകം ഇസേവ കേന്ദ്രങ്ങള്‍ വഴി അപ്പീല്‍ നല്‍കാം. ആര്‍ഡിഒമാര്‍ ആയിരിക്കും അപ്‌ലറ്റ് അധികാരി.

എന്നാല്‍ ഗുണഭോക്താക്കളുടെ പട്ടിക വെട്ടിച്ചുരുക്കിയെന്ന ആക്ഷേപത്തിലൂടെ അസംതൃപ്തരെ ഉന്നമിടുകയാണ് എഐഎഡിഎംകെ. പദ്ധതിയിലേക്ക് ആകെ അപേക്ഷിച്ചത് ഒര കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു. ഇവരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും. അര്‍ഹതയുണ്ടെന്ന് കരുതുന്നവര്‍ക്ക് വീണ്ടും അപേക്ഷിക്കാനും അവസരം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും അടുത്ത മാസം മുതല്‍ ഒന്നാം തീയതി തന്നെ പണം ലഭിക്കുമെന്നും സ്റ്റാലിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ പണം എത്തിച്ചതിന് സമാനമായ നടപടിയെന്നും തമിഴ്നാട് സര്‍ക്കാറിന്റെ ഈ പദ്ധതിയെ വിലയിരുത്തുന്നവരം ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എട്ട് തവണയെങ്കിലും വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തുന്ന പണം വോട്ടുകൊണ്ടുവരുമെന്ന കണക്കു കൂട്ടലിലാണ് സ്റ്റാലിനെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.