ആര്‍ച്ചു ബിഷപ് ജോര്‍ജ്‌ പനന്തുണ്ടിലിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

ആര്‍ച്ചു ബിഷപ് ജോര്‍ജ്‌ പനന്തുണ്ടിലിന് ഇന്ന്  തിരുവനന്തപുരത്ത് സ്വീകരണം

തിരുവനന്തപുരം: കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി നവാഭിഷിക്തനായ ആര്‍ച്ചു ബിഷപ് ഡോ. ജോര്‍ജ്‌ പനന്തുണ്ടിലിന് തിരുവനന്തപുരത്ത് ഇന്ന് രാവിലെ സ്വീകരണം നല്‍കും. പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 8.30 ന് ആര്‍ച്ചു ബിഷപ്പ് പനന്തുണ്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും.

മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചു ബിഷപ് ലിയോപോള്‍ദോ ജിറേലി, ബിഷപ്പുമാരായ ജ്വോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, തോമസ് മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുക്കും. നൂറിലധികം വൈദികര്‍ കൃതജ്ഞതാബലിയില്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ഫാ. ജോസഫ് വള്ളിയാട്ട്, അഡ്വ. എബ്രഹാം പട്യാനി എന്നിവര്‍ പ്രസംഗിക്കും.

വൈകിട്ട് ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, വി.എന്‍ വാസവന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, വീണാജോര്‍ജ്ജ്, ആന്റണി രാജു മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, ബിഷപ്പുമാരായ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, സക്കറിയാസ് മാര്‍ അപ്രേം, ഉമ്മന്‍ ജോര്‍ജ്ജ് എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രന്‍,
കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എ. റഹീം എം.എല്‍.എ മാരായ വി.കെ പ്രശാന്ത്, എം. വിന്‍സെന്റ്, ഡി.കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, ഐ.ബി. സതീഷ്, മോന്‍സ് ജോസഫ്, വി. ജോയി, ആന്‍സലന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

മാര്‍ ഈവാനിയോസ് കോളജിലെ മുന്‍ അദ്ധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോര്‍ജ്ജിന്റെയും മേരിക്കുട്ടി ജോര്‍ജ്ജിന്റെയും മകനായി 1972ല്‍ തിരുവനന്തപുരത്തായിരുന്നു ജനനം. തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവാംഗമായ ബിഷപ് തിരുവനന്തപുരം നിര്‍മ്മലഭവന്‍ കോണ്‍വെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1987ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു.

തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1998ല്‍ ആര്‍ച്ചു ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായും സേവനം അനുഷ്ഠിച്ചു.

2003ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ ഉന്നത പഠന കാലത്ത് 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദിക ശുശ്രൂഷയും നിര്‍വ്വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.