കുടിലില്‍ തുടങ്ങിയ പ്രാര്‍ത്ഥനാ കൂട്ടായ്മ; ഇന്ന് ജനപ്രവാഹം; ഗുണ്ടൂര്‍ രൂപതയിലെ നവീകരിച്ച സെന്റ് മൈക്കിള്‍സ് പള്ളി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആശീര്‍വദിക്കും

കുടിലില്‍ തുടങ്ങിയ പ്രാര്‍ത്ഥനാ കൂട്ടായ്മ; ഇന്ന് ജനപ്രവാഹം; ഗുണ്ടൂര്‍ രൂപതയിലെ നവീകരിച്ച സെന്റ് മൈക്കിള്‍സ് പള്ളി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആശീര്‍വദിക്കും

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ രൂപതയിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ഇത് ആഹ്‌ളാദ മുഹൂര്‍ത്തം. 80 വര്‍ഷമായി പ്രദേശത്തെ അനുഗ്രഹസ്രോതസായി നിലകൊള്ളുന്ന പെടവഡ്‌ലപ്പുടി സെന്റ് മൈക്കിള്‍സ് പള്ളി നവീകരിച്ച് സമര്‍പ്പണത്തിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍ പ്രതിനിധിയുമായ ആര്‍ച്ച്ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലിയാണ് സെപ്റ്റംബര്‍ 18-ന് നവീകരിച്ച ദേവാലയം ആശീര്‍വദിക്കുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്യുന്നത്. ചടങ്ങില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 ബിഷപ്പുമാരും നിരവധി വൈദികരും വിശ്വാസികളും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കുടിലില്‍നിന്ന് തുടങ്ങിയ പ്രാര്‍ത്ഥന

1902 ലാണ് പെഡവഡ്‌ലപ്പുടി എന്ന സ്ഥലത്ത് ഒരു ചെറിയ കുടിലില്‍ കത്തോലിക്കാ പള്ളി ആരംഭിച്ചത്. അടുത്തുള്ള ഇടവകയുടെ കീഴിലുള്ള ഒരു മിഷന്‍ പള്ളിയായിരുന്നു അത്. ആദ്യ കാലങ്ങളില്‍ പ്രദേശത്തെ ചുരുക്കം ചില വിശ്വാസികളാണ് വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയിരുന്നത്.

തുടര്‍ന്ന്, 1940-ല്‍, ഈ മിഷന്‍ പള്ളി ഒരു ഇടവകയായി ഉയര്‍ത്തുകയും സെന്റ് മൈക്കിള്‍സ് ചര്‍ച്ച് എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇടവകയിലേക്ക് ജനപ്രവാഹം തുടങ്ങിയതോടെ 1942-ല്‍ പുതിയ പള്ളിക്ക് അടിത്തറ പാകി. ഇടവകയെ വിശ്വാസത്തിന്റെ ഭവനമാക്കിത്തീര്‍ക്കാന്‍ നിരവധി വൈദികരും മതവിശ്വാസികളും അക്ഷീണം പ്രയത്‌നിച്ചു. 1992-ല്‍ സുവര്‍ണജൂബിലിയും 2016-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ച ദേവാലയത്തില്‍ നിലവില്‍ 4000-ത്തോളം ഇടവകാംഗങ്ങളുണ്ട്.


നവീകരണത്തിനു മുന്‍പുള്ള പള്ളിയുടെ ചിത്രം

ഇടവകയുടെ കീഴില്‍ നാലു സ്ഥാപനങ്ങളും നാടിനായി സ്തുത്യഹര്‍മായ രീതിയില്‍ സേവനം ചെയ്യുന്നു. മൂന്ന് സ്‌കൂളുകളും ഒരു അനാഥാലയവും. ഇടവകയ്ക്ക് പെടവഡ്‌ലപ്പുടിയോട് ചേര്‍ന്ന് 16 മിഷന്‍ പള്ളികള്‍ ഉണ്ടായിരുന്നു. അവയില്‍ രണ്ടെണ്ണം ഇടവകകളായി ഉയര്‍ത്തി.

വിശുദ്ധ മൈക്കിളിന്റെ നാമത്തിലുള്ള രൂപതയിലെ ഏക ദേവാലയമാണിതെങ്കിലും സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായിരുന്നു. 1942ല്‍ നിര്‍മിച്ച പള്ളിക്കെട്ടിടത്തിന് വലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായിരുന്നു. തുടര്‍ന്ന് ഇടവക വികാരിയായിരുന്ന ഫാ. കിരണ്‍ കുമാര്‍ ദേവാലയത്തെ ഒരു രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി മാറ്റിയെടുക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അക്ഷീണം പ്രയത്‌നിക്കാന്‍ ആരംഭിച്ചു. പ്രദേശവാസികള്‍ പിന്തുണയുമായി ഒപ്പംനിന്നു.

2018ല്‍ ഗുണ്ടൂര്‍ രൂപതയിലെ ബിഷപ് ഭാഗ്യയ്യ ചിന്നബത്തിനി പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു. ഫാ. കിരണിന്റെ ശ്രമഫലമായി അന്താരാഷ്ട്ര തലത്തില്‍ സംഭാവനകള്‍ പെടവഡ്‌ലപ്പുടിയിലേക്കു വരാന്‍ തുടങ്ങി. ദക്ഷിണേന്ത്യയിലെ ഈ ചെറിയ കത്തോലിക്കാ സമൂഹം ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടാനും തുടങ്ങി.

സെന്റ് മൈക്കിള്‍സ് പള്ളിയിലെ ഇപ്പോഴത്തെ ഇടവക വികാരി ഫാ. നല്ലപതി ഷൗരിയും പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു. 'ഇടവകയ്ക്കും ഗുണ്ടൂര്‍ രൂപതയ്ക്കും ഇത് ചരിത്രനിമിഷമാണ്. പള്ളി പൂര്‍ത്തിയാക്കുന്നതിന് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഏറെയായിരുന്നു. ആശ്വാസം തേടി ഈ സ്ഥലത്തേയ്ക്ക് വരുന്ന ഏതൊരാള്‍ക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്, വിശുദ്ധ മൈക്കിള്‍ രൂപതയെയും കുടുംബങ്ങളെയും ഇടവകയെയും സംരക്ഷിക്കട്ടെ'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.