മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥ: കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥ: കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. അഞ്ച് വര്‍ഷം മന്ത്രിയായി തുടരാന്‍ മാത്രമാണ് ആന്റണി രാജു ശ്രമിക്കുന്നത്. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കുന്നില്ലെന്ന് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള മന്ത്രിയാണ് ആന്റണി രാജു. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തെ ലത്തീന്‍കാരനായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും അസോസിയേഷന്‍ പറഞ്ഞു. ലത്തീന്‍കാരുടെ പ്രശ്‌നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും നേരെ മുഖം തിരിക്കുകയാണ് മന്ത്രി. മുതലപ്പൊഴി സന്ദര്‍ശന സമയത്ത് മന്ത്രി സജി ചെറിയാനും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാതെ സമരക്കാരെ ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മുതലപ്പൊഴിയില്‍ എത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞത് വന്ദേഭാരതിന്റെ കാര്യമാണ്. മുതലപ്പൊഴിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാതെ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സ്ഥലം കാലിയാക്കുകയാണ് ചെയ്തതെന്നും  ഭാരവാഹികള്‍ ആരോപിച്ചു.

അതേസമയം കേരളത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് മുതലപ്പൊഴിയിലാണ്. ഇന്നലെയും ഇന്നും ഇവിടെ അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുതലപ്പൊഴിയില്‍ ഇന്ന് രണ്ട് വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്.

ശക്തമായ തിരയില്‍പ്പെട്ടാണ് നല്ലിടയന്‍ എന്ന കാരിയര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. സുനില്‍, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും രക്ഷപ്പെട്ടു. പൂത്തുറ സ്വദേശി ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് നല്ലിടയന്‍. മുതലപ്പൊഴിയില്‍ ഇന്നലെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലില്‍ വീണിരുന്നു. അലക്സാണ്ടര്‍ അല്‍ഫോണ്‍സ് എന്നയാളാണ് കടലില്‍ വീണത്. ഇയാളെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഈ മാസം ആറിനും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. മത്സ്യ ബന്ധനം കഴിഞ്ഞെത്തിയ വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത് എന്ന വള്ളമാണ് അന്ന് അപകടത്തില്‍പെട്ടത്. അപകട സമയത്ത് വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആരും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

ജൂണില്‍ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയില്‍ നടന്നത്. കടലില്‍ മണല്‍ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടലിനോട് മാത്രമല്ല മരണത്തോടും മല്ലിട്ടാണ് മുതലപ്പൊഴിയിലെ ഓരോ മത്സ്യത്തൊഴിലാളിയുടേയും ജീവിതം. മരണക്കെണിയായി മുന്നില്‍ കുമിഞ്ഞുകൂടിയ മണലോ തകര്‍ന്നു വീണ പുലിമുട്ടോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഓരോ മത്സ്യത്തൊഴിലാളിയും കടലില്‍ പോകുന്നത്. ഹാര്‍ബറിന്റെ പ്രവേശന കവാടത്തിലാണ് അപകടമേറെയും. പുലിമുട്ടിന്റെ ഭാഗമായുള്ള കരിങ്കല്ലുകള്‍ ഏറെയും കടലിലാണ്. മണല്‍ നിറഞ്ഞ് ഈ ഭാഗങ്ങളില്‍ ആഴമില്ലാതായതും അപകടം വര്‍ധിപ്പിച്ചു. വഴി തിരിച്ചറിയാന്‍ രണ്ടു ഭാഗത്തും സ്ഥാപിച്ച ലൈറ്റുകളെല്ലാം അണഞ്ഞിട്ട് നാളേറെയായി.

മുതലപ്പൊഴിയിലെ മണല്‍നീക്കല്‍ അദാനി ഗ്രൂപ്പിന്റെ ചുമതലയാണ്. മൂന്ന് മാസത്തിലൊരിക്കല്‍ മണല്‍ നീക്കണമെന്ന വ്യവസ്ഥ നടപ്പായിട്ടില്ല. രണ്ട് ജെ.സി.ബി ഉപയോഗിച്ച് മണ്‍സൂണിന് മുമ്പ് മണല്‍ നീക്കിയതു കൊണ്ട് ആഴമുറപ്പാക്കാനും കഴിഞ്ഞില്ല. ഇതാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ മുതലപ്പൊഴി അപകടങ്ങളുടെ ആവര്‍ത്തനമാകുമെന്ന് ഇവര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാത്രമല്ല അപകടം നടന്നാല്‍ മുതലപ്പൊഴിയില്‍ ആദ്യമെത്തേണ്ട കോസ്റ്റല്‍ പൊലീസിന്റെ റെസ്‌ക്യൂ ബോട്ട് കട്ടപ്പുറത്താണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വലിയ ബോട്ടും ആഴം കുറഞ്ഞ ഭാഗങ്ങളില്‍ സര്‍വീസ് നടത്താനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മുതലപ്പൊഴിയില്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്നുപോലും ഇതുവരെ നടപ്പായിട്ടില്ല. മുതലപ്പൊഴിയില്‍ അപകടമുണ്ടായാല്‍ ആദ്യമറിയുന്നത് തൊട്ടടുത്തുള്ള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കിയ റസ്‌ക്യൂ ബോട്ട് പണിമുടക്കിയിട്ട് നാളേറെയായി.

എന്‍ജിന്‍ തകരാറ് മൂലമാണ് ബോട്ട് പിടിച്ചിട്ടിരിക്കുന്നത്. ഇതോടെ അപകട സ്ഥലത്തേക്ക് എത്താന്‍ പൊലീസുകാരും ഇപ്പോള്‍ ആശ്രയിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ തന്നെയാണ്. അഴിമുഖ ചാല്‍ മണല്‍ മൂടിയതോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വലിയ ബോട്ടും കടലില്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

മുതലപ്പൊഴി ഹാര്‍ബറില്‍ ലൈഫ് ഗാര്‍ഡുകളെ വിന്യസിക്കും 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും പ്രത്യേക നിരീക്ഷണമുണ്ടാകും എന്നൊക്കെയായിരുന്നു മണ്‍സൂണിന് മുമ്പ് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, രതീഷ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.