ബ്രസീലിലെ ആമസോണില്‍ വിമാനാപകടം; രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ ആമസോണില്‍ വിമാനാപകടം; രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു

ബ്രസീലിയ: ബ്രസീലിലെ വടക്കന്‍ ആമസോണില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. വടക്കന്‍ ആമസോണിലെ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ (248 മൈല്‍) അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 12 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടും. അപകടകാരണം ഉള്‍പ്പെടെയുള്ളവ കണ്ടെത്തേണ്ടതുണ്ട്.

ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ ടര്‍ബോപ്രോപ്പായ ഋങആ110 ആണ് അപകടത്തില്‍പ്പെട്ട വിമാനം. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. മനാസില്‍ നിന്ന് ബാഴ്സലോസിലേക്ക് 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന യാത്രയിലായിരുന്നു വിമാനം. സ്പോര്‍ട്സ് ഫിഷിംഗിനായി ഈ മേഖലയിലേക്ക് പോകുന്ന ബ്രസീലുകാരായിരുന്നു വിമാനത്തിലെ യാത്രക്കാരെന്നാണ് എയര്‍ലൈന്‍ കമ്പനി പുറത്തുവിടുന്ന വിവരം.

മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ കനത്ത മഴയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ശനിയാഴ്ച ബാഴ്സലോസില്‍ വിമാനാപകടത്തില്‍ മരിച്ച 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും മരണത്തില്‍ ദുഖം പ്രകടിപ്പിക്കുന്നു. ആവശ്യമായ പിന്തുണ നല്‍കാന്‍ ഞങ്ങളുടെ ടീമുകള്‍ ആദ്യം മുതല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ അനുതാപവും പ്രാര്‍ത്ഥനയും ഉണ്ട്.' ആമസോണ്‍ സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്സില്‍ കുറിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അപകടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ ആവശ്യമായ എല്ലാ വിവരങ്ങളും അപ്ഡേറ്റുകളും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്' എന്നും പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ യുഎസ് പൗരന്മാരുണ്ടെന്ന് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.