മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്. ഇതുസംബന്ധിച്ച വിഞ്ജാപനം റവന്യൂ വകുപ്പ് വെളളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്.
മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുളള മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ മറാഠ മേഖലയിലുളള രണ്ട് ജില്ലകളുടെയും പേരുമാറ്റത്തിനായി തീരുമാനമെടുത്തിരുന്നു. ഇതു പിന്നീടെത്തിയ ഷിന്‍ഡെ സര്‍ക്കാരും തിരുത്താന്‍ തയാറായില്ല. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ തീരുമാനം നീണ്ടു. അടുത്തിടെ ഹര്‍ജി കോടതി തളളിയതോടെയാണ് പേരുമാറ്റ നടപടികള്‍ വീണ്ടും തുടങ്ങിയത്.
1681 മുതല്‍ 1689 വരെ മാറാത്ത രാജവംശത്തിലെ രാജാവായിരുന്നു സംഭാജി. ശിവാജിക്ക് ശേഷം ആ രാജവംശത്തിലെ രണ്ടാമത്തെ ഛത്രപതി സംഭാജിയുടെ കാലത്താണ് മുഗള്‍ രാജവംശവുമായുളള മറാത്തകളുടെ പോരാട്ടം ശക്തമായത്. 1687 ലെ പോരാട്ടത്തില്‍ മുഗളന്മാര്‍ മറാത്ത രാജവംശത്തിനുമേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. സൈന്യം ശിഥിലമായി. 1689ല്‍ ഒറ്റു കൊടുക്കപ്പെട്ട സംഭാജി മുഗളന്മവരുടെ പിടിയിലായി.
മുഗള്‍ രാജാവായിരുന്ന ഔറംഗസേബിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നും ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നു. സംഭാജിയെ വധിക്കാന്‍ നിര്‍ദേശം നല്‍കിയ ഔറംഗസേബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നല്‍കിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നല്‍കണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.