റഷ്യയുടെ ആണവയുദ്ധക്കപ്പലും സന്ദര്‍ശിച്ചു; ഡ്രോണുകള്‍ ഉള്‍പ്പെടെ 'സമ്മാനങ്ങളുമായി' കിം ജോങ് ഉന്‍ ഉത്തര കൊറിയയിലേക്കു മടങ്ങി

റഷ്യയുടെ ആണവയുദ്ധക്കപ്പലും സന്ദര്‍ശിച്ചു; ഡ്രോണുകള്‍ ഉള്‍പ്പെടെ 'സമ്മാനങ്ങളുമായി' കിം ജോങ് ഉന്‍ ഉത്തര കൊറിയയിലേക്കു മടങ്ങി

മോസ്‌കോ: ആറു ദിവസം നീണ്ടുനിന്ന റഷ്യ സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മടങ്ങി. പ്രത്യേക ട്രെയിനില്‍ റഷ്യയിലെത്തിയ കിം, ഇതേ ട്രെയിനില്‍ തന്നെയാണ് ഉത്തര കൊറിയയിലേക്ക് മടങ്ങിയത്. ഉത്തരകൊറിയ സന്ദര്‍ശിക്കാനായി റഷ്യന്‍ പ്രസിഡന്റ് പുടിനെ കിം ജോങ് ഉന്‍ ക്ഷണിച്ചു.

സ്ഫോടനത്തിന് ഉപയോഗിക്കുന്ന അഞ്ച് ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, തെര്‍മല്‍ ക്യാമറകള്‍ക്ക് തിരിച്ചറിയാനാകാത്ത പ്രത്യേക വസ്ത്രം തുടങ്ങിയവ റഷ്യയിലെ ഒരു പ്രാദേശിക ഭരണകൂടം കിമ്മിന് സമ്മാനമായി നല്‍കിയെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം റഷ്യയിലെ കിഴക്കന്‍ നഗരമായ കോംസോംല്‍സ്‌കില്‍ രണ്ടു പോര്‍വിമാന ഫാക്ടറികള്‍ കിം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റഷ്യന്‍ യുദ്ധക്കപ്പലില്‍ ആണവ ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍സോണിക് മിസൈലുകളും നിരീക്ഷിച്ചു. തുറമുഖ നഗരമായ വ്ളാഡിവോസ്‌തോക്കില്‍ റഷ്യയുടെ ബോംബര്‍ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങള്‍ കിം അടുത്തുകണ്ടു. ഉത്തരകൊറിയന്‍ വ്യോമ, നാവികസേനകളിലെ ഉന്നത ജനറല്‍മാരും കിമ്മിനെ അനുഗമിച്ചു.

റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദര്‍ശനമെന്നു വിലയിരുത്തപ്പെടുന്നു. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് കൂടുതല്‍ സഹായം കിം വാഗ്ദാനം ചെയ്തു. റഷ്യയ്ക്കു നിലവില്‍ ലഭ്യത കുറവുള്ള പടക്കോപ്പുകള്‍ ഉത്തര കൊറിയ നല്‍കിയേക്കും. ഉത്തകൊറിയയില്‍ നിന്ന് മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ റഷ്യ വാങ്ങുന്നതിന് ഇരു നേതാക്കളും തമ്മില്‍ ധാരണയിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം, ഭക്ഷ്യ വസ്തുക്കളും മെഡിക്കല്‍ സേവനങ്ങളുമായി കിം പുടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടില്ല എന്ന് ക്രെംലിന്‍ പറഞ്ഞു.

അതേസമയം, തങ്ങളുടെ വിശ്വസ്തരായിരുന്ന ഉത്തര കൊറിയ, റഷ്യയുമായി കൂടുതല്‍ അടുക്കുന്നതില്‍ ചൈനയ്ക്കും ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.