നമ്മുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചുപോയ പൂര്‍വികരെ വെറുതെ വിസ്മൃതയുടെ ആഴങ്ങളിലേക്ക് തള്ളിയിടുകയല്ല മറിച്ച് ഓരോ ദിവസവും അവരെ ഓര്‍മ്മിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഓരോരുത്തരും.
നമ്മുടെ കുടുംബങ്ങളില്‍ പ്രത്യേകിച്ച് കുടുംബ പ്രാര്‍ത്ഥനയുടെ അവസാനം നമ്മള്‍ ചൊല്ലാറുള്ള ഒരു പ്രാര്‍ത്ഥനയുണ്ടല്ലോ? മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരാന്‍ ഇടയാകട്ടെ. അത് നിത്യവും മരിച്ച വിശ്വാസികളെ ഓര്‍ത്ത് നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ്. അതോടൊപ്പം നമ്മുടെ യാമ പ്രാര്‍ത്ഥനകളില്‍ എല്ലാം, പ്രത്യേകിച്ച് കാറസൂസയുടെ അവസരങ്ങളില്‍ ഒക്കെ മരിച്ചവരെ പ്രത്യേകമായി സ്മരിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.
അതുപോലെ തന്നെ വിശുദ്ധ കുര്‍ബാന ക്രമത്തിലും മരിച്ചവരെ ഓര്‍മ്മിക്കുകയും അവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. അതേപോലെ സെമിത്തേരികള്‍ സന്ദര്‍ശിക്കുകയും നമ്മുടെ പൂര്‍വികര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന നടത്തുകയും അവരെ ഓര്‍ത്ത് വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവര്‍ക്ക് വേണ്ടി സെമിത്തേരികളില്‍ ഒപ്പീസ് ചൊല്ലാറുമുണ്ട്. അങ്ങനെ ചടങ്ങുകള്‍ ഒരുപാടാണ്. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ മാത്രമല്ലാതെ മറ്റ് ചില കൗതുകകരമായ കാര്യങ്ങളും ഇതിലുണ്ട്.
അത്തരത്തില്‍ കൗതുകമുള്ള ഒരു കാര്യമാണ് വീടുകളിലൊക്കെ ഈ മരണവാര്‍ഷിക സമയത്ത് മന്ത്ര കഴിഞ്ഞ് കൊടുക്കുന്ന ചില പലഹാരങ്ങള്‍. അവയുടെ പ്രാധാന്യത്തെ പറ്റി ഒന്നും മനസിലാക്കാനാണ് പരിശ്രമിക്കുന്നത്.
ചിലപ്പോള്‍ നമ്മള്‍ ചിന്തിച്ചേക്കാം മന്ത്രയൊക്കെ കഴിഞ്ഞ് എന്തിനാണ് ഒരു പാത്രത്തില്‍ ജീരകം വച്ചിരിക്കുന്നതെന്ന്. എന്താണ് ജീരകത്തിന്റെ പ്രത്യേകത? ജീരകത്തിന്റെ ഒരു പ്രത്യേകത ജീരകം വായിലിട്ട് ചവച്ച് കഴിയുമ്പോള്‍ ആദ്യം ചവര്‍പ്പ് അനുഭവപ്പെടും. കുറച്ചു കഴിയുമ്പോള്‍ ചവര്‍പ്പ് മാറി മധുരം അനുഭവപ്പെടും എന്നാണ്. അതേ, മരണവുമായി ബന്ധപ്പെട്ട ഒരു വലിയ രഹസ്യം സൂചിപ്പിക്കാനാണ് ഇത്തര സന്ദര്‍ഭങ്ങളില്‍ ജീരകം നല്‍കുന്നത്.
ഒരാള്‍ മരണം വഴിയായി നമ്മുടെ ജീവിതങ്ങളില്‍ നിന്നും മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നു. നമുക്ക് എല്ലാവര്‍ക്കും സ്വാഭാവികമായും ദുഖം ഉണ്ടാകും. അതാണ് ജീരകത്തിന്റെ ചവര്‍പ്പ് സൂചിപ്പിക്കുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ സമയം കടന്നുപോകുമ്പോള്‍ ആ ദുഖം നമ്മളില്‍ നിന്നും മാറും. വീണ്ടും നമ്മള്‍ പഴയ സന്തോഷത്തിലേക്ക് മടങ്ങി വരും. ഇതാണ് ജീരകം അവിടെ നല്‍കപ്പെടുന്നത് വഴിയായി പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു ചിന്ത.
ചില അവസരങ്ങളില്‍ ജീരകവും കല്‍ക്കണ്ടവും ഒരുമിച്ചു നല്‍കാറുണ്ട്. ചില കുരുന്നു കുട്ടികള്‍ കടന്നുവന്നു ജീരകം വകഞ്ഞു മാറ്റി കല്‍ക്കണ്ടം മാത്രം അവര്‍ കഴിക്കുന്നത് നാം കണ്ടിട്ടുണ്ടാവും. എന്തിനാണ് ജീരകവും കല്‍ക്കണ്ടവും ഒരുമിച്ച് കൊടുക്കുന്നത്? മുകളില്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് അതും സൂചിപ്പിക്കുന്നത്.
നമ്മുടെ ഓരോരുത്തരുടേയും ജീവിതം സുഖവും ദുഖവും സമ്മിശ്രമായ ഒന്നാണ്. നമ്മുടെ ജീവിതത്തില്‍ സന്തോഷങ്ങളും ഉണ്ട് സങ്കടങ്ങളും ഉണ്ട്. മരണം വഴിയായി ജീവിതത്തില്‍ സങ്കടങ്ങള്‍ ഉണ്ടായാലും വീണ്ടും സന്തോഷത്തിലേക്ക് കടന്നു വരാം എന്നൊരു പ്രതീക്ഷയും പ്രത്യാശയും ഓരോരുത്തരുടെയും ജീവിതത്തിലുണ്ട്.
മരണത്തെ ഓര്‍ത്ത് ഭീതിപ്പെട്ട് ജീവിക്കേണ്ടവര്‍ അല്ല നമ്മള്‍. മറിച്ച് പ്രത്യാശയോടെ സ്വര്‍ഗം ലക്ഷ്യമാക്കി യാത്ര ചെയ്യേണ്ടവരാണ് എന്ന് ഈ ജീരകം നല്‍കുന്നത് വഴിയായി സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതേപോലെ തന്നെ നല്‍കുന്ന മറ്റ് രണ്ട് കാര്യങ്ങളാണ് അപ്പവും പഴവും.
പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉണ്ണിയപ്പവും പഴവും ഒക്കെ കൊടുക്കുമ്പോള്‍ ചിലരെടുത്ത് പിടിച്ചിട്ട് ചിന്തിക്കും കാപ്പി കുടിച്ച് ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് ഈ പഴം കഴിക്കാം എന്ന്. എന്നാല്‍ അങ്ങനെയല്ല അത് ചെയ്യേണ്ടത്. ചിലര്‍ വിചാരിക്കും ഉണ്ണിയപ്പം മാത്രം കഴിക്കാമെന്ന്. വെറുതെ വിതരണം ചെയ്യപ്പെടുന്ന ഒരു പലഹാരം എന്നുള്ള നിലയില്‍ അല്ല അതിനെ മനസിലാക്കേണ്ടത്. മറിച്ച് ആ ഉണ്ണിയപ്പവും പഴവും നല്‍കുന്നതിന് പിന്നില്‍ ഒരു ചിന്തയുണ്ട്, ഒരു ദൈവശാസ്ത്രമുണ്ട്.
'അതിന്റെ അടിസ്ഥാന ചിന്ത എന്ന് പറയുന്നത് പഴത്താല്‍ വന്നത് അപ്പത്താല്‍ നീങ്ങി എന്നുള്ളതാണ്'- പഴം സൂചിപ്പിക്കുന്നത് ആദ്യ പാപത്തിന് കാരണമായ പഴത്തെയാണ്. അത് വഴിയായാണ് പാപവും മരണവും ഈ ലോകത്തിലേക്ക് കടന്നു വന്നത്. എന്നാല്‍ പാപത്തിന്റെയും മരണത്തിന്റെയും ശിക്ഷയില്‍ നിന്നും ദിവ്യകാരുണ്യമാകുന്ന അപ്പം വഴിയായി ഈശോ നമ്മെ മോചിപ്പിച്ചു.
അതുകൊണ്ടു തന്നെ ആ ഭക്ഷണം കഴിക്കേണ്ടതിന്റെ ക്രമം എന്ന് പറയുന്നത് ആദ്യം പഴം കഴിക്കുക പിന്നീട് അപ്പം കഴിക്കുക എന്നുള്ളതാണ്. പഴത്താല്‍ വന്ന ദോഷം അപ്പത്താല്‍ നീക്കിയ ഈശോയിലേക്കാണ് ആ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ചിന്തകളെ നയിക്കേണ്ടത്. ഒരുപക്ഷേ നമ്മള്‍ അശ്രദ്ധമായും ഒന്നും ചിന്തിക്കാതെയും ഒക്കെ ആയിരിക്കാം ഇക്കാലമത്രയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഈ പലഹാരങ്ങളൊക്കെ ഭക്ഷിച്ചിട്ടുള്ളത്.
ഇനി മുതല്‍ നമുക്ക് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധയോടെ ഈ അര്‍ത്ഥം മനസിലാക്കി ആ കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയ പൂര്‍വികരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നമ്മുക്ക് നിരന്തരം അനുസ്മരിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്ക് ഒട്ടേറെ ആവശ്യമാണ്. അതിനാല്‍ ഒരിക്കലും അവരെ വിസ്മരിക്കാതെ നമ്മുടെ അനുദിന പ്രാര്‍ത്ഥനകളിലും കുടുംബ പ്രാര്‍ത്ഥനയിലും അതോടൊപ്പം സഭയിലുള്ള ഔദ്യോഗിക യാമ പ്രാര്‍ത്ഥനകളിലും ആരാധന ക്രമത്തിലും ഒക്കെ അവരെ അനുസ്മരിക്കാന്‍ ശ്രദ്ധിക്കണം...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.