ദുബായ്: എയർ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് മലയാളി യാത്രികൻ. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ലഗേജാണ് നഷ്ടമായത്. ഇന്നലെ ഉച്ചയോടെ ദുബായിൽ എത്തിയപ്പോഴാണ് മെന്റലിസം ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബാഗ് കാണാതായത്.
ഇന്നലെ രാവിലെ 11ന് ആണ് കൊച്ചിയിൽ നിന്ന് ദുബായിക്ക് എഐ 933 വിമാനം യാത്രതിരിച്ചത്. കൊച്ചിയിൽ നിന്ന് ബാഗ് വിമാനത്തിൽ കയറ്റിവിട്ടെന്നാണ് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസ് അറിയിക്കുന്നത്. കൊച്ചിയിൽ നിന്ന് ബാഗ് അയച്ചതിന്റെ രസീത് കാണിച്ചിട്ടും ഇവിടെയത്തിയ വിമാനത്തിൽ അങ്ങനെയൊരു ലഗേജ് ഇല്ലെന്നാണ് ദുബായ് എയർ ഇന്ത്യ ഓഫീസിന്റെ മറുപടി.
സ്റ്റേജ് ഷോകൾക്ക് ഉപയോഗിക്കുന്ന സാധാനങ്ങൾ കിട്ടാതെ വന്നതോടെ ഇവിടെയത്തിയ ഫാസിലും പ്രതിസന്ധിയിലായി. നിലമ്പൂർ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാനാണ് ഇവിടെയത്തിയത്. പരിപാടി മുടങ്ങുകയും ചെയ്തു. കൊച്ചിയിൽ നേരിട്ട് സ്‌കാൻ ചെയ്ത് എയർ ഇന്ത്യ സ്റ്റാഫിന് ബാഗ് കൈമാറിയതായി ഫാസിൽ പറയുന്നു. സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ്) വഴിയാണ് ബാഗ് കയറ്റിവിട്ടത്.
സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയിൽ അമേരിക്കയിൽ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ബാഗിലെ വസ്തുക്കൾ. സംഗീതോപകരണങ്ങൾ കൊണ്ടുവരുന്നതുപോലെ പ്രത്യേക ബോക്‌സിൽ അടച്ചാണ് ഒഒജി വഴി കയറ്റി അയച്ചത്. ഇതിന് മുൻപ് പത്തിലേറെ തവണയെങ്കിലും യുഎഇയിലേക്ക് മാത്രം പരിപാടിക്കായുള്ള വസ്തുക്കളുമായി എത്തിയിട്ടുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഫാസിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v