മലിന വായുവിനെ പ്രാണവായു ശുദ്ധീകരിക്കുന്നതുപോലെ വിദ്വേഷ മനസുകളെ ക്ഷമ ശുദ്ധീകരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

മലിന വായുവിനെ പ്രാണവായു ശുദ്ധീകരിക്കുന്നതുപോലെ വിദ്വേഷ മനസുകളെ ക്ഷമ ശുദ്ധീകരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിനെപ്പോലെ അളവുകൂടാതെ കരുണ കാണിക്കാനും ക്ഷമിക്കാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ദൈവം നമ്മോടു കാണിക്കുന്ന കരുണാര്‍ദ്രമായ സ്‌നേഹത്തിന് അവിടുത്തേക്ക് പ്രതിഫലം നല്‍കാന്‍ നമുക്കാവില്ല. അതിനാല്‍, പരസ്പരം ക്ഷമിച്ചുകൊണ്ട് അവിടുന്ന് നമ്മോട് കാണിക്കുന്ന കരുണയ്ക്ക് പ്രത്യുത്തരം നല്‍കാന്‍ നമുക്കു ശ്രമിക്കാം - പാപ്പ പറഞ്ഞു.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ക്ഷമയെന്ന പുണ്യത്തെ കേന്ദ്രീകരിച്ച്, മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗമാണ് പാപ്പ വ്യാഖ്യാനിച്ചത്. 'കര്‍ത്താവേ, എന്നോടു തെറ്റു ചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?' (മത്തായി 18:21) എന്ന പത്രോസിന്റെ ചോദ്യവും അതിന് യേശു നല്‍കുന്ന മറുപടിയുമാണ് വചനഭാഗത്തിലുള്ളത്.

ബൈബിളില്‍ പൂര്‍ണതയെ സൂചിപ്പിക്കുന്ന ഒരു സംഖ്യയാണ് 'ഏഴ്' എന്നും, അതിനാല്‍ ഔദാര്യപൂര്‍ണമായ ഒരു അനുമാനമാണ് പത്രോസിന്റെ ചോദ്യത്തിനു പിന്നില്‍ ഉണ്ടായിരുന്നതെന്നും പാപ്പാ വിശദീകരിച്ചു. എന്നാല്‍, 'ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യം' ക്ഷമിക്കാനാണ് മറുപടിയായി യേശു അവനോട് അരുളിച്ചെയ്തത്. (മത്തായി 18:22) അതായത്, ക്ഷമിക്കുന്നതിന്റെ കണക്ക് നാം സൂക്ഷിക്കരുതെന്നും, എല്ലാം എല്ലായിപ്പോഴും ക്ഷമിക്കണമെന്നും യേശു നമ്മെ പഠിപ്പിക്കുന്നു. ഇങ്ങനെ തന്നെയാണ് ദൈവം നമ്മോട് ക്ഷമിച്ചത്. എല്ലായ്‌പ്പോഴും ക്ഷമിക്കാനാണ് ദൈവ കരുണയുടെ ശുശ്രൂഷകരായ നാം വിളിക്കപ്പെട്ടിരിക്കുന്നത് - പാപ്പ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ അളവില്ലാത്ത ക്ഷമ

ദൈവത്തിന്റെ ക്ഷമ അളക്കാനാവില്ല. അത് എല്ലാ അളവുകള്‍ക്കും അപ്പുറമാണ്. ഇതാണ് സുവിശേഷത്തിലൂടെ യേശു നല്‍കുന്ന വ്യക്തമായ സന്ദേശം. യാതൊരു വ്യവസ്ഥകളുമില്ലാത്ത സ്‌നേഹത്തോടെയാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ സ്‌നേഹത്തിന് തക്ക പ്രതിസ്‌നേഹം നല്‍കാന്‍ നമുക്കാവില്ല. ഒരു സഹോദരനോടോ സഹോദരിയോടോ ക്ഷമിക്കുമ്പോള്‍, ദൈവത്തെ അനുകരിക്കുകയാണ് നാം ചെയ്യുന്നത്. അല്ലാതെ, നമ്മുടെ കഴിവിനാല്‍ ചെയ്യുന്ന ഒരു പുണ്യ പ്രവൃത്തിയായി അതിനെ കണക്കാക്കരുത്.

ദൈവം സ്വന്ത ജീവന്‍ തന്ന് നമ്മെ സ്‌നേഹിച്ചു, അവിടുന്ന് നമ്മോടു കാണിച്ച കരുണയ്ക്ക് പ്രതിഫലമായി ഒന്നും നല്‍കാന്‍ നമുക്ക് സാധിക്കില്ല. ഇതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണം - പാപ്പ പറഞ്ഞു.

ക്ഷമ പ്രാണവായു പോലെ

ദൈവം നമ്മോടു കാണിച്ച സൗജന്യ ക്ഷമയ്ക്ക് അനുസൃതമായി, പരസ്പരം ക്ഷമിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. അങ്ങനെ, നമുക്കു ചുറ്റും പുതുജീവന്‍ വിതച്ച്, അവിടുത്തേക്ക് നാം സാക്ഷികളായി മാറുന്നു. കാരണം, ക്ഷമ കൂടാതെ പ്രത്യാശയില്ല, സമാധാനവുമില്ല.

മലിനമായ വായുവിനെ പ്രാണവായു എങ്ങനെ ശുദ്ധീകരിക്കുന്നോ, അതുപോലെയാണ് വിദ്വേഷത്താല്‍ മലിനമാക്കപ്പെട്ട മനസുകളെ ക്ഷമ ശുദ്ധീകരിക്കുന്നത്. വിഷലിപ്തമായ വെറുപ്പിനുള്ള മറുമരുന്നാണത്. ക്രോധത്തെ അത് ഉരുക്കിക്കളയുന്നു. സമൂഹത്തെ മലീമസമാക്കുന്ന നിരവധി രോഗങ്ങളെ ക്ഷമ സുഖപ്പെടുത്തുന്നു.

പരിചിന്തനത്തിനായുള്ള ചോദ്യങ്ങളും ഗൃഹപാഠവും

ചില സുപ്രധാന ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 'ദൈവത്തിന്റെ അപാര ക്ഷമ എനിക്ക് സമ്മാനമായി ലഭിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ? മറ്റുള്ളവരോ അല്ലെങ്കില്‍ നാം തന്നെയോ നമ്മോടു ക്ഷമിക്കാത്തപ്പോഴും, നമ്മുടെ വീഴ്ചകളില്‍ നമ്മോട് ക്ഷമിക്കുന്നവനാണ് അവിടുന്ന് എന്നതില്‍ ഞാന്‍ ആനന്ദിക്കാറുണ്ടോ?' പാപ്പ തുടര്‍ന്നു: ഈ സന്ദര്‍ഭത്തില്‍ നാം ഇങ്ങനെയും ചോദിക്കണം, 'എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാന്‍ ഞാന്‍ തയ്യാറാണോ?'

ഇവയെല്ലാം മനസില്‍ വച്ചുകൊണ്ട് ചെയ്യാനായി ഒരു ഗൃഹപാഠവും പാപ്പാ നിര്‍ദ്ദേശിച്ചു: നമ്മെ വേദനിപ്പിച്ച ഒരു വ്യക്തിയെ മനസില്‍ കണ്ട്, അയാളോട് ക്ഷമിക്കാനുള്ള ശക്തി തരണേയെന്ന് കര്‍ത്താവിനോട് യാചിക്കുകയും അവിടുത്തെ സ്‌നേഹത്തെ പ്രതി ആ വ്യക്തിയോട് നമുക്ക് ക്ഷമിക്കുകയും ചെയ്യാം.

കരുണയുടെ മാതാവായ പരിശുദ്ധ മറിയം ദൈവകൃപ സ്വീകരിക്കാനും പരസ്പരം ക്ഷമിക്കാനും നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.