ടൊറന്റോ: കാനഡയിലെ ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്.
ഹര്‍ദീപ് സിങിന്റെ മരണത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായി. ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ചാണ് ഹര്‍ദീപ് സിങ് വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുര്‍ സ്വദേശിയാണ് നിജ്ജാര്‍.
കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കെയാണ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിക്കൊണ്ടുള്ള കാനഡയുടെ നീക്കം. ഖാലിസ്ഥാന്‍ ആവശ്യമുന്നയിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രൂഡോയോട് ആശങ്ക അറിയിച്ചിരുന്നു. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയടക്കം നിര്‍ത്തി വയ്ക്കുന്നതിലേക്ക് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v