ഇന്ത്യ ചന്ദ്രനിലെത്തി; പാകിസ്ഥാന്‍ പണത്തിനായി ഭിക്ഷ യാചിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്

ഇന്ത്യ ചന്ദ്രനിലെത്തി; പാകിസ്ഥാന്‍ പണത്തിനായി ഭിക്ഷ യാചിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്

ഇസ്ലാമാബാദ്:: ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും പി.എം.എല്‍ (എന്‍) നേതാവുമായ നവാസ് ഷെറീഫ്.

ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ആ സമയം പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയാണ്. ലാഹോറില്‍ നടന്ന റാലിയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ലണ്ടനില്‍ നിന്ന് അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

എന്തുകൊണ്ടാണ് പാകിസ്ഥാന് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തതെന്നും ആരാണ് നമ്മുടെ അപമാനകരമായ ഈ അവസ്ഥക്ക് ഉത്തരവാദിയെന്നും നവാസ് ഷെറീഫ് ചോദിച്ചു.

'1990 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവര്‍ പിന്തുടര്‍ന്നു. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുടെ ഖജനാവില്‍ ഒരു ബില്യണ്‍ ഡോളര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ അവരുടെ വിദേശ നാണ്യകരുതല്‍ 600 ബില്യണ്‍ ഡോളറായി ഉയര്‍ന്നു'- ഷെറീഫ് പറഞ്ഞു.

പാകിസ്ഥാന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം അറിയാന്‍ 2017 ലെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും നോക്കണം. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് ഇന്ത്യ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ ഇപ്പോഴും കിതയ്ക്കുകയാണന്നും അദേഹം കുറ്റപ്പെടുത്തി.

പാകിസ്ഥാന്റെ ഈ അവസ്ഥയ്ക്ക് കാരണം വിരമിച്ച കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, മുന്‍ ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ്, മുന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ എന്നിവരാണ്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് കാരണമായ ഇവര്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികളാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.