മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; സിന്ധ്യയുടെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു

മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; സിന്ധ്യയുടെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ ബിജെപി വിട്ടു. ഇന്‍ഡോറില്‍ നിന്നുള്ള ശക്തനായ നേതാവ് പ്രമോദ് ടണ്ടനാണ് പാര്‍ട്ടി വിട്ടത്. സിന്ധ്യയുടെ ഏറ്റവും അടുത്ത ആളായിട്ടാണ് ടണ്ടന്‍ കരുതപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സുര്‍ജിത്ത് സിങ് ഛദ്ദയുമായും ആക്ടിങ് പ്രസിഡന്റ് ഗോലു അഗ്‌നി ഹോത്രിയുമായും പ്രമോദ് ടണ്ടന്‍ കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍.

2020 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ടണ്ടന്‍ ബിജെപിയിലെത്തിയത്. സിന്ധ്യയെ എല്ലാ കാര്യത്തിലും പിന്തുണയ്ക്കുന്നയാളായിരുന്നു ടണ്ടന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മയ്ക്ക് അയച്ച രാജിക്കത്തിലാണ് താന്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രമോദ് ടണ്ടന്‍ അറിയിച്ചത്. ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു അദേഹം.

മാധവ് റാവു സിന്ധ്യയുടെ അടുത്തയാളായിരുന്നു താന്‍. ജ്യോതിരാദിത്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തമ്മില്‍ ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സിന്ധ്യയുടെ മുന്‍ഗണനകള്‍ എല്ലാം മാറിയിരിക്കുകയാണെന്ന് ടണ്ടന്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി തനിക്ക് സിന്ധ്യയുമായി ഒരു തരത്തിലുമുള്ള ആശയ വിനിമയം ഉണ്ടായിട്ടില്ല. ബിജെപിയുടെ ധാര്‍ഷ്ട്യവും ഏകാധിപത്യ രീതികളും കാരണം താന്‍ രാജിവെക്കുകയാണെന്നും ടണ്ടന്‍ വ്യക്തമാക്കി.

അതേസമയം മറ്റൊരു ബിജെപി നേതാവായ ദിനേഷ് മല്‍ഹാറും ബിജെപി വിട്ടിരിക്കുകയാണ്. ടണ്ടനൊപ്പമാണ് അദ്ദേഹവും പാര്‍ട്ടി വിട്ടത്. ഇരുവരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് തയ്യാറായിരിക്കുകയാണ്. കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസ് അംഗത്വം നല്‍കും. ഇന്‍ഡോറില്‍ ബിജെപി ഇത്തവണ വന്‍ തോല്‍വി ഏറ്റു വാങ്ങുമെന്നാണ് സൂചന.
സിന്ധ്യയുടെ കോട്ടയില്‍ എല്ലാം അടിയൊഴുക്ക് ശക്തമാണ്. കേന്ദ്ര മന്ത്രി സ്ഥാനമുണ്ടായിട്ടും സിന്ധ്യയുടെ പ്രവര്‍ത്തനം മോശമാണെന്നാണ് മണ്ഡലത്തില്‍ ഉടനീളമുള്ള റിപ്പോര്‍ട്ടുണ്ട്. സിന്ധ്യയുടെ ക്യാമ്പിലെ മറ്റൊരു പ്രമുഖനായ സമന്ദര്‍ സിങ് പട്ടേല്‍ നേരത്തെ ബിജെപി വിട്ടിരുന്നു. പ്രമോദ് ടണ്ടനും ദിനേഷ് മല്‍ഹാറും സെപ്റ്റംബര്‍ 23ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

നേരത്തെ തന്നെ സിന്ധ്യ ക്യാമ്പിലെ നിരവധി എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് ബിജെപിയുടെ പ്രതീക്ഷകളെ താളം തെറ്റിക്കുന്നതാണ്. അതേസമയം നിരവധി വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണത്തെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ അടുത്തിടെ വന്ന എല്ലാ സര്‍വേയിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.