ഇല്ലിനോയിസില്‍ നാലംഗ കുടുംബത്തെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ആത്മഹത്യയല്ല, ആസൂത്രിത ക്രൂരകൃത്യമെന്ന് പോലീസ്

ഇല്ലിനോയിസില്‍ നാലംഗ കുടുംബത്തെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ആത്മഹത്യയല്ല, ആസൂത്രിത ക്രൂരകൃത്യമെന്ന് പോലീസ്

ഇല്ലിനോയിസ്‌: ഇല്ലിനോയിസിലെ റോമിയോവില്ലെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവം ആസൂത്രിതമായ ക്രൂരകൃത്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സംഭവസ്ഥലത്തു നിന്നും ശേഖരിച്ച വിവിധ തെളിവുകളുടെ വിശദമായ പരിശോധന നടത്തിയതിനു ശേഷമേ ക്രൂരകൃത്യത്തെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താനാവൂ എന്ന നിലപാടിലാണ് റോമിയോവില്ലെ പോലീസ്.

ദമ്പതികളായ ആല്‍ബര്‍ട്ടോ റോളണ്‍ (38), സോറെയ്ഡ ബര്‍ത്തലോമി (32), ഇവരുടെ ഏഴും ഒമ്പതും വയസുള്ള രണ്ടു മക്കളുമാണ് വീടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൂന്നു വളര്‍ത്തുനായ്ക്കളെയും വെടിവെച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവസ്ഥലം ഏകദേശം 36 മണിക്കൂര്‍ വിശദമായി പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലഭിച്ച തെളിവുകള്‍ വിശദ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേസിനെ കുറിച്ച് എന്തെങ്കിലും പറയാനാകൂവെന്ന് റോമിയോവില്ലെ പോലീസ് ഡെപ്യൂട്ടി ചീഫ് ക്രിസ് ബേണ്‍ വെളിപ്പെടുത്തി.

കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ സൂചനയാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്നതെന്നും ബേണ്‍ ചൂണ്ടിക്കാട്ടി. പാതകം ചെയ്തത് കൂട്ടത്തിലൊരാള്‍ തന്നെയാകാമെന്ന വാദം അദ്ദേഹം തള്ളി. മൂന്നു പേരെ കൊന്നതിനു ശേഷം നാലാമന്‍ ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയില്ലെന്നു വെളിപ്പെടുത്തിയ പോലീസ് സംഭവം കൊലപാതകമായാണ് അന്വേഷിക്കുന്നത്.

നിലവില്‍ പാതകം നടത്തി രക്ഷപെട്ട പ്രതിയെ കണ്ടെത്തുകയാണ് പ്രാഥമിക പരിഗണന. ഇതിനായി വിദഗ്ധ സംഘത്തിന്റെ സേവനം തേടിയിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി ചീഫ് പറഞ്ഞു. പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ സഹായത്തിനായി വില്‍ കൗണ്ടി ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പരിശോധന. എല്ലാ പിന്തുണയുമായി പ്രദേശവാസികളും രംഗത്തുണ്ട്.

റോമിയോവില്ലേ മേയര്‍ ജോണ്‍ നോക്ക് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജീവഹാനി എപ്പോഴും വേദനാജനകമാണെന്നും അതു കുട്ടികളുടെ ജീവഹാനിയാകുമ്പോള്‍ വേദനയുടെ ആഴം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ വെളിച്ചത്തു കൊണ്ടുവരുമെന്നും മേയര്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി 8.43 ഓടെയാണ് പോലീസ് കുടുംബാംഗങ്ങള്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ച പുലര്‍ച്ചയോ ആണ് കൊലപാതകം നടന്നതായി സംശയിക്കുന്നത്.

ആരും ഞായറാഴ്ച രാവിലെ ജോലിക്കു ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ നമ്പറില്‍ വിളിച്ചിട്ട് വൈകുന്നേരമായിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മുഴുവന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തിയ ആള്‍ അവസാനം ആത്മഹത്യ ചെയ്തതാണെന്ന വാദം പോലീസ് നിഷേധിച്ചു. ഇതൊരു കൊലപാതകം തന്നെയാണെന്നും അക്രമികളെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്നും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.