ഖാലിസ്ഥാന്‍ അനുകൂലിയായ കനേഡിയന്‍ റാപ്പറുടെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി; നീക്കം ഇന്ത്യ-കാനഡ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ

ഖാലിസ്ഥാന്‍ അനുകൂലിയായ കനേഡിയന്‍ റാപ്പറുടെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി; നീക്കം ഇന്ത്യ-കാനഡ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ

മുംബൈ: ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ ഇന്ത്യയിലുടനീളം രോഷം ഉയര്‍ന്ന സാഹചര്യത്തില്‍ കനേഡിയന്‍-സിഖ് ഗായകന്‍ ശുഭ്നീത് സിംഗിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയാണ് ശുഭ്നീത് സിംഗിന്റെ സംഗീത നിശ സംഘടിപ്പിച്ചിരുന്നത്.

ശുഭ്നീത് സിംഗ് ഇന്ത്യന്‍ ഭൂപടത്തെ സമൂഹ മാധ്യമത്തില്‍ വികലമായി ചിത്രീകരിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതോടെ പരിപാടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ മുംബൈയിലെ കോര്‍ഡെലിയ ക്രൂയിസിലാണ് ശുഭ്നീതിന്റെ സംഗീത നിശ നടത്താനിരുന്നത്. പരിപാടി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പരിപാടി റദ്ദാക്കിയതോടെ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബുക്ക് മൈ ഷോ സംഘാടകര്‍ എക്സിലൂടെ ഉപയോക്താക്കളെ അറിയിച്ചു. ഏഴ് മുതല്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുമെന്ന് ബുക്ക് മൈ ഷോ ഉറപ്പ് നല്‍കി. വന്‍കിട ഇന്ത്യന്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ബോട്ട് ആയിരുന്നു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ അവരും സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ അടക്കം നിരവധിപ്പേര്‍ പരിപാടിക്കെതിരെ രംഗത്ത് വന്നിരുന്നു.

മാര്‍ച്ച് 23 നാണ് ശുഭ്നീത് സിംഗ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ രാജ്യ വിരുദ്ധത പോസ്റ്റ് ചെയ്ത്. പഞ്ചാബിന് വേണ്ടി പ്രാര്‍ഥിക്കുക എന്ന് അടിക്കുറിപ്പില്‍ ഇന്ത്യയുടെ വികലമായ ഭൂപടമാണ് ശുഭ് പങ്ക് വച്ചത്. ജമ്മു കശ്മീര്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് അന്താരാഷ്ട്ര-ആഭ്യന്തര തലത്തിലുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉണ്ടായത്.

സംഭവം വിവാദമായതോടെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ ശുഭ്നീത് സിംഗിനെ അണ്‍ഫോളോ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.