കാബോ ഡെൽഗാഡോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 11 വിശ്വാസികൾ കൊല്ലപ്പെട്ടു. സെപ്റ്റംബർ 15നാണ് കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിലെ നാക്വിറ്റെൻഗ് ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൂട്ടക്കൊല നടത്തിയത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷണലാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പേരുകളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികളെ മുസ്ലീങ്ങളിൽ നിന്ന് വേർപെടുത്തിയ ശേഷം ക്രൈസ്തവർക്ക് നേരെ വെടിയുതിർക്കുകയായിരിന്നുവെന്ന് എസിഎൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തു. 11 പേരുടെ മരണ വിവരമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും ഇതിലും അധികമുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റു.
ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് വധിക്കുന്നതിന് മറ്റുള്ളവരിൽ നിന്നു മാറ്റിനിർത്തിയെന്ന് ഫാ. ബോവെൻചുറ പറഞ്ഞു. സെപ്റ്റംബർ 15ന് ഉണ്ടായ മറ്റൊരു ആക്രമണത്തെ തുടർന്നു നിരവധി പേർ പലായനം ചെയ്യുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കഷ്ടപ്പെടുന്ന തങ്ങളുടെ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു.
2017 ൽ പൊട്ടിപ്പുറപ്പെട്ട വടക്കൻ മൊസാംബിക്കിലെ പീഡനം കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് കൂടുതലും നടക്കുന്നത്. ഇത് അയൽ പ്രവിശ്യകളായ നംപുല, നിയാസ്സ എന്നിവയിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രാദേശികമായി അൽ ഷബാബ് എന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധധാരികൾ വലിയ രീതിയിലുള്ള ആക്രമണമാണ് ഇവിടെ നടത്തുന്നത്.
അതേ സമയം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കുടിയിറപ്പെടുകയും അതിക്രൂരമായി തലയറുക്കപ്പെട്ടും വെടിയേറ്റുമൊക്കെ കൊല്ലപ്പെടേണ്ടി വരുന്നവരാണ് നൈജീരിയയിലെ ക്രിസ്ത്യാനികളും. നൈജീരിയയിലെ കുപ്രസിദ്ധ ക്രൈസ്തവ വിരുദ്ധ ഭീകരസംഘടനയായ ബോക്കോ ഹറാം നടത്തുന്ന കൂട്ടക്കൊല സ്ഥിരം കാഴ്ചയാണ്. പ്ലാറ്റോ സ്റ്റേറ്റിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. മാംഗു കൗണ്ടിയിലെ കുൽബെൻ ഗ്രാമത്തിൽ സെപ്റ്റംബർ പത്തിന് രാത്രി ഒമ്പതിനാണ് ഭീകരർ ആക്രമണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.