മദര്‍ തെരേസ സ്‌കോളര്‍ഷിപ്പും ക്രൈസ്തവര്‍ക്ക് പേരിന് മാത്രം; 80 : 20 അനുപാതം തുല്യനീതിയുടെ ലംഘനം

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പും ക്രൈസ്തവര്‍ക്ക് പേരിന് മാത്രം; 80 : 20 അനുപാതം തുല്യനീതിയുടെ ലംഘനം

കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് നിലവില്‍ വരുന്നതിന് മുമ്പ് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപിതമായ സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന്റെ അവസാന ഉദാഹരണമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പുതിയ ഉത്തരവ്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇമ്പേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ ക്ഷണിച്ചിട്ടുള്ള അപേക്ഷയിലും തുല്യ നീതിയുടെ നഗ്നമായ ലംഘനമാണ് വരുത്തിയിട്ടുള്ളത്.

ഇതില്‍ 80 ശതമാനം അനുകൂല്യം മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. 80 ശതമാനം മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മത വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം കൂടി ലഭ്യമാകുന്നത് 20 ശതമാനം മാത്രമാണ്.

കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം.

വിദ്യാഭ്യാസപരമായി പൊതുവേ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന 2005 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠിച്ച് നടപ്പിലാക്കാനായി 2008 ല്‍ രൂപീകരിച്ച പാലൊളി കമ്മീഷനാണ് മുസ്ലീം വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് എന്ന തീരുമാനമെടുത്തത്. തുടക്കത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഇത് നല്‍കി വന്നത്.

പിന്നീട് 2011 ല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപികരിച്ചതോടെയാണ് ചില കളികള്‍ നടന്നത്. അതുവരെ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നല്‍കി വന്നിരുന്ന മുസ്ലീം സ്‌കോളര്‍ഷിപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലേക്ക് മാറ്റുകയും എല്ലാ ആനുകൂല്യങ്ങള്‍ക്കും 80 : 20 എന്ന ആനുപാതിക ക്രമം രൂപപ്പെടുത്തുകയും ചെയ്തു. 2011 ല്‍ 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു. 2013 ല്‍ ഇതിലെ 20 ശതമാനം എന്നുള്ളത് ക്രൈസ്തവ സമുദായങ്ങള്‍ക്ക് മുഴുവനായി മാറ്റി. 2015 ആയപ്പോഴേക്കും 20 ശതമാനം വീണ്ടും ചുരുക്കി മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കെല്ലാം എന്നാക്കി മാറ്റി. അപ്പോഴും മുസ്ലീങ്ങള്‍ക്ക് 80 ശതമാനം എന്നതില്‍ യാതൊരു കുറവും വരുത്തിയില്ല.

പ്രധാന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളായ മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് എന്നിവയില്‍ പോലും മുസ്ലീങ്ങള്‍ക്ക് 80 ശതമാനം ലഭിക്കുമ്പോള്‍ ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കെല്ലാം കൂടി ലഭ്യമാകുന്നത് വെറും 20 ശതമാനം മാത്രമാണ്. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇത്തരത്തില്‍ ഒരു മത വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം തട്ടിയെടുക്കുന്നതിനെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഉത്തരവ് പ്രകാരം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് അടച്ചതിന്റെ അസല്‍ രസീതില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ കവിയരുത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കണം. minoritywelfare.kerala.gov.inവഴി ജനുവരി 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 0471 2300524 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.