ആനി മസ്ക്രിൻ മുതൽ രമ്യ ഹരിദാസ് വരെ; കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് ഒമ്പത് വനിതകൾ

ആനി മസ്ക്രിൻ മുതൽ രമ്യ ഹരിദാസ് വരെ; കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് ഒമ്പത് വനിതകൾ

വനിതാ സംവരണ ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസയതോടെ ഇനി നിയമമാകാൻ രാഷ്ട്രപതിയുടെ ഒപ്പിന്റെ അകലം മാത്രം. ലോക്സഭയിൽ 454 പേർ അനുകൂലിച്ചപ്പോൾ രണ്ട് പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റ മനസോടെയായിരുന്നു. ഏഴ് പതിറ്റാണ്ടിനിടയിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് ഒമ്പത് വനിതകൾ മാത്രമാണെന്നതാണ് യാഥാർത്യം.

കേരളത്തിൽ ഇന്നു വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലെയും വോട്ടർ പട്ടിക പരിശോധിച്ചാൽ വനിതകളാണ് കൂടുതൽ. എന്നാൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതായിരുന്നു വസ്തുത. കേരള രൂപീകരണത്തിന് അഞ്ചു വർഷം മുൻപ് 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ആനി മസ്ക്രീൻ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നെങ്കിലും ആ പാത പിന്തുടരാൻ പിന്നീട് സാധിച്ചില്ല.

ആനി മസ്ക്രീൻ

സോഷ്യലിസ്റ്റ് പാർട്ടിയിലെ ടികെ നാരായണ പിള്ളയെ പരാജയപ്പെടുത്തിയാണ് ആനി മസ്ക്രീൻ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലെത്തിയത്. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചായിരുന്നു ആനി മസ്ക്രീനിന്റെ ജയം. പക്ഷേ, അന്ന് കേരളം രൂപീകരിച്ചിരുന്നില്ല. തിരു- കൊച്ചി സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു തിരുവനന്തപുരം മണ്ഡലം. തിരു-കൊച്ചി, മലബാർ പ്രദേശങ്ങളിൽ നിന്നും ഡൽഹിയിലേക്ക് പോയ ഏകവനിത എന്ന സ്ഥാനം ആനി മസ്ക്രീനിന് സ്വന്തം. എന്നാൽ 1957 ലെ തിരഞ്ഞെടുപ്പിൽ ആനി മസ്ക്രീന് തിരിച്ചടി നേരിട്ടു. ആ തിരഞ്ഞെടുപ്പിലെ ഏക വനിതാ സ്ഥാനാർത്ഥിയായ ആനി 18741 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സുശീല ഗോപാലൻ

ലേക്സഭയിലേക്ക് അടുത്തൊരു വനിതാ ജനപ്രതിനിധി എത്താൻ കേരളത്തിന് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. അമ്പലപ്പുഴയിൽ നിന്ന് 1967ൽ മത്സരിച്ച സിപിഎമ്മിന്റെ സുശീലാ ഗോപാലനാണ് പിന്നീട് ലോക്സഭയിലെത്തിയത്. കോൺഗ്രസിന്റെ പി എസ് കാർത്തികേയനെ പരാജയപ്പെടുത്തിയാണ് സുശീലാ ഗോപാലൻ അന്ന് ലോക്സഭയിലെത്തിയത്.1980ൽ വീണ്ടും ആലപ്പുഴയിൽ നിന്നും സുശീല ഗോപാലൻ ജയിച്ചുകയറി. ഓമനപിള്ളയെയാണ് അന്ന് സുശീല ഗോപാലൻ പരാജയപ്പെടുത്തിയത്. വീണ്ടും ആലപ്പുഴയിൽ നിന്ന് മത്സരിച്ചെങ്കിലും സുശീല ഗോപാലൻ വിജയിച്ചു. കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്.

ഭാർഗവി തങ്കപ്പൻ

1971ൽ അടൂരിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ വനിതയാണ് സിപിഐയിലെ കെ ഭാർഗവി എന്ന ഭാർഗവി തങ്കപ്പൻ. സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ തോൽപ്പിച്ചത്. സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. സിപിഐയും കോൺഗ്രസും ഒരേ മുന്നണിയിലായതിനാൽ ഭാർഗവി തങ്കപ്പനെ ലോക്സഭയിലേക്ക് അയച്ചതിന്റെ ക്രഡിറ്റ് കോൺഗ്രസിനും അവകാശപ്പെടാം.

സാവിത്രി ലക്ഷ്മണൻ

1989 ൽ മുകുന്ദപുരം സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ സാവിത്രി ലക്ഷ്മണൻ സിപിഎമ്മിലെ സി ഒ പൗലോസിനെ 18, 754 വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. 1991ൽ എ പി കുര്യനെ 12,365 വോട്ടിന് പരാജയപ്പെടുത്തി സാവിത്രി ലക്ഷ്മണൻ വീണ്ടും ലോക്സഭയിലെത്തി.

എ കെ പ്രേമേജം

1998ൽ വടകര ലോകസഭാമണ്ഡലത്തിൽ കോൺഗ്രസ്സിന്റെ പി എം സുരേഷ്ബാബുവിനെ 59,161 വോട്ടുകൾക്ക് സി പി എമ്മിലെ എ.കെ. പ്രേമജം തോൽപ്പിച്ചു. ഭൂരിപക്ഷം 25,844 ആയി കുറഞ്ഞെങ്കിലും 1991ൽ വീണ്ടും അതേ എതിരാളിയെ പരാജയപ്പെടുത്തി പ്രേമജം വീണ്ടും പാർലമെന്റിലെത്തി. 14 സ്ത്രീകൾ ആ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ച ഏക സ്ഥാനാർത്ഥി പ്രേമജമായിരുന്നു.

പി സതീദേവി

2004ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി സതീദേവി വടകരയിൽ നിന്നാണ് വിജയിച്ചത്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം. ടി. പത്മയാണ് വടകരയിൽ തോറ്റത്. 130589 വോട്ടെന്ന റെക്കോർഡ് ഭൂരിപക്ഷം വോട്ടോടുകൂടിയാണ് സതീ ദേവിയുടെ അന്നത്തെ വിജയം.

സി എസ് സുജാത

2004ൽ മാവേലിക്കര മണ്ഡലത്തിൽ സി പി എമ്മിലെ സി. എസ് സുജാത കോൺഗ്രസിന്റെ ശക്തനായ നേതാവ് രമേശ് ചെന്നിത്തലയെ തോൽപ്പിച്ചു. 7,414 വോട്ടുകൾക്കായിരുന്നു രമേശ് ചെന്നിത്തലയുടെ തോൽവി.

പികെ ശ്രീമതി

കണ്ണൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് പി കെ ശ്രീമതി ടീച്ചർ‌ ലോക്സഭയിലെത്തിയത്. കടുത്ത മത്സരത്തിനൊടുവിൽ കോൺഗ്രസിലെ കെ. സുധാകരനെ 6566 വോട്ടുകൾക്കാണ് ശ്രീമതി പരാജയപ്പെടുത്തിയത്.

രമ്യ ഹരിദാസ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നാണ് രമ്യ ഹരിദാസ് ലോക്സഭയിൽ എത്തിയത്. ആലത്തൂരിൽ സിറ്റിങ്ങ് എം പിയായ സി പി എമ്മിലെ പി കെ ബിജുവിനെയാണ് തോൽപ്പിച്ചത്. 1,58,968 വോട്ടെന്ന റോക്കോർഡ് ഭൂരിപക്ഷവും നേടി.

ഓരോ തിര‍ഞ്ഞെടുപ്പിലും മത്സരിച്ച ആകെ സ്ഥാനാർത്ഥികളും വനിത സ്ഥാനാർത്ഥികളും

1951ൽ 47 മത്സരാർത്ഥികളിൽ ഒരാൾ മാത്രമായിരുന്നു വനിത. 1957ൽ 58 സ്ഥാനാർത്ഥികളിൽ കളത്തിലിങ്ങിയപ്പോൾ ഒരു വനിത.1962 ലും ആകെ മത്സരിച്ചത് ഒരു സ്ത്രീയാണ്. കൊല്ലം മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ സരോജിനി. എന്നാൽ ആർ എസ് പിയിലെ ശ്രീകണ്ഠൻ നായരോട് സരോജിനി 64955 വോട്ടുകൾക്ക് തോറ്റു. 1967 ആയപ്പോൾ മത്സരിക്കാനുള്ള സ്ത്രീകളുടെ എണ്ണം കൂടി. മൂന്ന് സ്ത്രീകളാണ് മത്സരിച്ചത്. 15 വർഷത്തിന് ശേഷം ഒരു സ്ത്രീ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് പോയതും ഈ വർഷമായിരുന്നു.

1971 ൽ നാല് വനിതകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചത്. ഒരാൾ മാത്രമാണ് ആ തവണയും വിജയിച്ചത്. 1980ൽ 93 സ്ഥാനാർത്ഥികളിൽ രണ്ട് വനിതകളാണ് ഇടം പിടിച്ചത്. രണ്ട് പേർക്കും വിജയം കൈവരിക്കാൻ സാധിച്ചില്ല. 1984ലെ തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി വധത്തെ തുടർന്ന് വന്ന സഹതാപതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. പക്ഷേ ഒരൊറ്റ സ്ത്രീ പോലും കേരളത്തിൽ നിന്നും ജയിച്ചില്ല. അതുവരെ ഒന്നും രണ്ടും സ്ത്രീകൾ മാത്രം മത്സരിച്ചിരുന്നിടത്ത് ഏഴ് വനിതകളാണ് അത്തവണ ലോകസഭയിലേക്ക് മത്സരിച്ചത്

1989 ൽ എട്ട് വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചു. ഇതിൽ സി പി എമ്മിന്റെ രണ്ടു പേരും സി പി ഐയ്ക്കും കോൺഗ്രസിനും ഓരോ സ്ഥാനാർത്ഥികളുമാണ് ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് വിജയിച്ചത്. 1991 ൽ കേരളത്തിൽ നിന്നും പത്തു പേർ മത്സരിച്ചു. മറ്റൊരു ചരിത്രം കൂടെ ഈ തിരഞ്ഞെടുപ്പെഴുതി. ആദ്യമായി രണ്ട് സ്ത്രീകൾ കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1996ൽ പത്ത് സ്ത്രീകളാണ് മത്സരിച്ചത്. പത്ത് വനിതാ സ്ഥാനാർത്ഥികളിൽ ഒരാളെ പോലും ജയിപ്പിക്കാൻ കേരളത്തിനായില്ല. 1998ലും പത്ത് സ്ത്രീകൾ മത്സരിച്ചു, പക്ഷെ ഒരാൾക്കു മാത്രമേ വിജയം കൈവരിക്കാൻ സാധിച്ചുള്ളൂ 1999ൽ 14 സ്ത്രീകൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ ലോകസഭയിലേക്ക് എത്തപ്പെട്ടത് ഒരാൾ മാത്രം.

2004ൽ 15 സ്ത്രീകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചത്. ചരിത്രം സൃഷ്ടിച്ച മത്സര വിജയം കണ്ട തിരഞ്ഞെടുപ്പ് കൂടെയായിരുന്നു അത്. ആ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകളാണ് കേരളത്തിൽ നിന്നും ലോകസഭയിലേക്ക് ജയിച്ചത്. 2009 ലും 15 സ്ത്രീകൾ മത്സരിച്ചുവെങ്കിലും ഒരാൾ പോലും ജയിച്ചില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം അതു വരെയുള്ള ചരിത്രം മാറ്റിയെഴുതി. മത്സരിച്ച 269 സ്ഥാനാർത്ഥികളിൽ 27 പേർ സ്ത്രീകളായിരുന്നു. ആകെ ജയിച്ചത് ഒരാളായിരുന്നുവെങ്കിലും എല്ലാ പ്രധാന പാർട്ടികളും രണ്ട് സ്ത്രീകളെ വീതം സ്ഥാനാർത്ഥിയാക്കി. 2019 ൽ ആകെ 22 സ്ത്രീകളാണ് മത്സരിച്ചത്. മുൻ തവണത്തേക്കാൾ അഞ്ച് സ്ത്രീകളുടെ കുറവ്. മത്സരിച്ച 22 സ്ത്രീകളിൽ ജയിച്ചത് ഒരാൾ മാത്രവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.