ചൈന യു.എസിനും ലോകത്തിനും ഭീഷണി, യുദ്ധത്തിന് തയ്യാറെടുക്കുന്നു; റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി

ചൈന യു.എസിനും ലോകത്തിനും ഭീഷണി, യുദ്ധത്തിന് തയ്യാറെടുക്കുന്നു; റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി

വാഷിങ്ടന്‍: ചൈന ലോകത്തിന്റെയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ.

അമേരിക്കയെ പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ഒരു നൂറ്റാണ്ടിന്റെ പകുതിയും അവര്‍ പാഴാക്കിയെന്ന് യു.എന്നിലെ മുന്‍ അംബാസഡര്‍ കൂടിയായ നിക്കി ഹാലെ പറയുന്നു. അമേരിക്കന്‍ സൈന്യവുമായി മത്സരിച്ചാണ് ഇപ്പോള്‍ ചൈനീസ് സൈന്യം മുന്നേറുന്നത്. വെള്ളിയാഴ്ച ന്യൂഹാംഷെയറില്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രഭാഷണത്തിനിടെയാണ് നിക്കി ഹേലിയുടെ പരാമര്‍ശം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്റെ എതിരാളി കൂടിയായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി ചൈനയുടെ വിദേശനയത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഹേലി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്ന രണ്ടു പേരാണ് ഹേലിയും രാമസ്വാമിയും.

'കമ്യൂണിസ്റ്റ് ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കിക്കഴിഞ്ഞു. നമ്മുടെ വാണിജ്യ രഹസ്യങ്ങള്‍ അവര്‍ സ്വന്തമാക്കി. മരുന്നു മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യ വരെയുള്ള നിര്‍ണായക വ്യവസായങ്ങളുടെ നിയന്ത്രണവും അവര്‍ സ്വന്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍നിന്ന് റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന മാറിയത്. ഒന്നാമതെത്താനുള്ള എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്തി, ഏഷ്യന്‍ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ത്തന്നെ പല മേഖലകളിലും ചൈനീസ് സൈന്യം അമേരിക്കന്‍ സൈന്യത്തിനു തുല്യമായി കഴിഞ്ഞു. ചില രംഗങ്ങളില്‍ യുഎസ് സൈന്യത്തേക്കാള്‍ മുന്നിലാണ്.

അമേരിക്കന്‍ മണ്ണിലേക്ക് ചാരബലൂണുകള്‍ അയയ്ക്കാനും ക്യൂബന്‍ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും ചൈനീസ് നേതാക്കള്‍ക്ക് ഇപ്പോള്‍
ആത്മവിശ്വാസമുണ്ട്. ഒരു കാരണവശാലും പിഴവു വരുത്തരുത് - നിക്കി ഹാലെ മുന്നറിയിപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.