കാലിഫോര്‍ണിയ: ഇന്ത്യയില്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിര്‍മിക്കാനും വില്‍പന നടത്താനും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി നിര്‍മിക്കുന്നതിനായി ടെസ്‌ല ഇന്‍സെന്റീവുകള്‍ തേടി പ്രൊപോസല്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ട്.
24,000 ഡോളര്‍ (ഏകദേശം 20 ലക്ഷം രൂപ) വരുന്ന കാര്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന ഫാക്ടറി ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ടെസ്‌ല ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ വലിയ പദ്ധതിയായ പവര്‍വോളിലൂടെ ഇന്ത്യയിലെ വമ്പന്‍ സാന്നിധ്യമാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി മോഡി അമേരിക്കന്‍ പര്യടനത്തിലായിരുന്നപ്പോള്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തെ കണ്ടിരുന്നു. അതിനുശേഷം ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാവുകയും ചെയ്തു.
ഇന്ത്യയുടെ വൈദ്യുതി വിതരണം പ്രധാനമായും കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള ഉത്പാദനമാണ്. എന്നാല്‍ ഫോസില്‍ ഇതര ഇന്ധനങ്ങളിലേക്ക് മാറാനും 2030ഓടെ പവര്‍ കപ്പാസിറ്റി 500 ജിഗാവാട്ട് ആയി ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യന്‍ സര്‍ക്കാര്‍ ടെസ്‌ലയുടെ പ്രൊപോസല്‍ പരിശോധിച്ചുവരികയാണ്. ടെസ്‌ലയ്ക്ക് ഇന്‍സെന്റീവുകള്‍ ലഭ്യമാകില്ലെന്നും എന്നാല്‍ അത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡികള്‍ അനുവദിക്കുന്ന ബിസിനസ് മാതൃക തയ്യാറാക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞതായും സൂചനയുണ്ട്.
രാത്രികളിലും പവര്‍ ക്ഷാമം ഉണ്ടാകുമ്പോഴും ഉപയോഗിക്കാന്‍ സോളാര്‍ പാനലുകളില്‍ നിന്ന് പവര്‍ സ്റ്റോര്‍ ചെയ്യുന്ന പവര്‍വോള്‍ സംവിധാനം പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ബാറ്ററി സ്റ്റോറേജ് സംവിധാനത്തെ പിന്തുണയ്ക്കുമെന്നാണ് ടെസ്‌ല പ്രൊപോസലില്‍ പറയുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ചെറിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിനുമാണ് പവര്‍വോള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഭാവിയുണ്ടെന്ന് കണ്ടാല്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വലിയ സംവിധാനങ്ങള്‍ ടെസ്ല വികസിപ്പിക്കും.
സോളാര്‍ പാനലുകള്‍ക്ക് പുറമേ കാലിഫോര്‍ണിയയില്‍ പവര്‍വോളുകള്‍ സ്ഥാപിക്കാന്‍ 45,000 രൂപക്ക് മുകളില്‍ വില വരും. ബാറ്ററി സ്റ്റോറേജ് ഉത്പന്നങ്ങളുടെ വില ടെസ്‌ല കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പവര്‍ ഗ്രിഡ് തകരാറിലായിരിക്കുമ്പോള്‍ ബാക്കപ്പിനായി സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി സംഭരിക്കുന്ന ഒരു സംയോജിത ബാറ്ററി സംവിധാനമാണ് പവര്‍വോള്‍. ഈ സംവിധാനം വീട്ടിലെ ഉപകരണങ്ങളിലേക്കും ഇലക്ട്രിക് വാഹനത്തിലേക്കും ബാക്കപ്പ് പവര്‍ നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.