ഐഎസ് ഭീകരവാദം: പാലക്കാട് സ്വദേശി സഹീര്‍ തുര്‍ക്കി എന്‍ഐഎ കസ്റ്റഡിയില്‍

 ഐഎസ് ഭീകരവാദം: പാലക്കാട് സ്വദേശി സഹീര്‍ തുര്‍ക്കി എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: ഐഎസ് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി എന്‍ഐഎ കസ്റ്റഡിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സഹീര്‍ തുര്‍ക്കിയാണ് എന്‍ഐഎയുടെ പിടിയിലായത്. മുമ്പ് എന്‍ഐഎ പിടികൂടിയായ നബീല്‍ മുഹമ്മദിന്റെ കൂട്ടാളിയാണ് ഇയാള്‍. ഇന്നലെ വീട്ടില്‍ നിന്നാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

സഹീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കണ്ടെടുത്തു. നബീലിന് ഒളിത്താവളം ഒരുക്കി, സിം കാര്‍ഡ് നല്‍കി, കേരളം വിടാനായി പണം നല്‍കിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് തുടങ്ങുന്നതിനായി മലയാളികള്‍ ഉള്‍പ്പെട്ട സംഘം ശ്രമിച്ചിരുന്നെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. പെറ്റ് ലൗവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശൂര്‍ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. ഇതേതുടര്‍ന്ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെ നബീല്‍ അഹമ്മദ് ഒളിവില്‍ പോയിരുന്നു. ഇതിനുള്ള സഹായങ്ങള്‍ ചെയ്തത് ഇപ്പോള്‍ കസ്റ്റഡിയിലുളള സഹീറാണ്. അവന്നൂരിലെ ലോഡ്ജിലാണ് നബീല്‍ അഹമ്മദ് ഒളിവില്‍ കഴിഞ്ഞത്. ഒരു മാസത്തേക്ക് സഹീറിന്റെ പേരിലാണ് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ ഇവിടെ താമസിച്ചത് നബീലാണെന്ന് തെളിയിക്കുന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും ഇന്നലെ എന്‍ഐഎ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് സഹീര്‍ തുര്‍ക്കിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. സബീല്‍ അഹമ്മദിന് സിം കാര്‍ഡ് എടുത്ത് നല്‍കിയതും ഇയാളാണ്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയാന്‍ പണം നല്‍കിയതും ഇയാളാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരളത്തിലെ ഐഎസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എവിടെയെല്ലാം വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.