ടൊറന്റോ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച് പ്രാദേശിക മാധ്യമങ്ങള്‍.
ട്രൂഡോയ്ക്ക് രാജ്യത്ത് ജനപ്രീതി അതിവേഗം കുറയുന്ന സാഹചര്യത്തിലാണ് അദേഹം ഈ വിഷയം ഉന്നയിച്ചതെന്നും ഇത് ശരിയാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തിന് ആഭ്യന്തര, ആഗോള വേദികളില്‍ വലിയ അപകീര്‍ത്തി നേരിടേണ്ടിവരുമെന്നുമാണ് കനേഡിയന്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ആഭ്യന്തര പ്രശ്‌നങ്ങളെച്ചൊല്ലി രാജ്യത്ത് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഈ അരോപണങ്ങളെന്നും ചില മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
നാഷണല്‍ പോസ്റ്റ്
'ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. കാനഡയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ തെളിവുകള്‍ കാണിക്കുന്നതില്‍ അദേഹം ഇതുവരെ പരാജയപ്പെട്ടു. തെളിവുകളൊന്നുമില്ലാതെയാണ് ട്രൂഡോ ഈ കൊടുങ്കാറ്റ് സൃഷ്ടിച്ചതെന്ന് വെളിച്ചത്ത് വന്നാല്‍ അത് ആഭ്യന്തരവും ആഗോളവുമായ പ്രത്യാഘാതമുണ്ടാക്കും'- കാനഡയിലെ പ്രമുഖ പത്രമായ നാഷണല്‍ പോസ്റ്റ് എഡിറ്റോറിയലില്‍ എഴുതി.
ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപകാല വോട്ടെടുപ്പ് ഫലവും നാഷണല്‍ പോസ്റ്റ് എഡിറ്റോറിയലില്‍ പരാമര്‍ശിച്ചു. ട്രൂഡോയ്ക്ക് 33 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. 24 എംപിമാരുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോയുടെ സര്‍ക്കാര്‍ നിലവില്‍ അധികാരത്തില്‍ തുടരുന്നത്. ഈ പാര്‍ട്ടിയുടെ തലവന്‍ ഖാലിസ്ഥാന്‍ വാദികളെ പിന്തുണക്കുന്നുവെന്നാണ് വിവരം.
ടൊറന്റോ സണ്‍
ഇന്ത്യയ്‌ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ത്യ മിണ്ടാന്‍ പോകുന്നില്ലെന്ന് കനേഡിയന്‍ പത്രമായ ടൊറന്റോ സണിലെ ലേഖനത്തില്‍ പറയുന്നു. ഈ ആരോപണത്തിന് കാനഡയെ ശിക്ഷിക്കാന്‍ ഇന്ത്യ ശ്രമിക്കും എന്നത് മാത്രമാണ് മോഡി സര്‍ക്കാരില്‍ നിന്ന് കാനഡക്കാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കേണ്ടത്. അതിനാല്‍ നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാരിനുള്ള ബന്ധം തെളിയിക്കാന്‍ ട്രൂഡോ സര്‍ക്കാര്‍ തെളിവുകള്‍ പുറത്തുവിടേണ്ടത് പ്രധാനമാണെന്നും ടൊറന്റോ സണ്‍ വ്യക്തമാക്കി.
ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഒരു വിശുദ്ധനല്ലെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും പത്രം ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ അയാള്‍ ഒരു തീവ്രവാദിയാണെങ്കില്‍ അത് കോടതി തീരുമാനിക്കേണ്ടതായിരുന്നു.
നിജ്ജാറിനെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ മോഡി സര്‍ക്കാരിന്റെ പക്കലുണ്ടെങ്കില്‍ ആ തെളിവുകള്‍ കനേഡിയന്‍ കോടതിയില്‍ ഹാജരാക്കാം. അങ്ങനെ നിജ്ജാറിനെ കൈമാറുന്നതിനായി നിയമനടപടി സ്വീകരിക്കാമായിരുന്നുവെന്നും പത്രം എഴുതി.
ഖാലിസ്ഥാനി തീവ്രവാദികളുമായി ബന്ധപ്പെട്ട് ട്രൂഡോ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും പത്രം ചോദ്യങ്ങള്‍ ഉന്നയിച്ചു. കുറച്ച് ആളുകളുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി മുഴുവന്‍ സമൂഹത്തെയും വിലയിരുത്താനാവില്ലെന്നും സിഖ് സമൂഹത്തെ താന്‍ സംരക്ഷിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി ട്രൂഡോ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള അക്രമത്തില്‍ ഒന്നും ചെയ്തിട്ടില്ല.
മാതൃ രാജ്യത്തിന് വേണ്ടി വാദിക്കുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിലെ തീവ്രവാദ ഘടകങ്ങളെ നേരിടാന്‍ അദേഹം ഒരു ശ്രമവും നടത്തിയിട്ടില്ല.
ഈ തര്‍ക്കം മൂലം പ്രധാനമന്ത്രിമാരായ മോഡിയോ ട്രൂഡോയോ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ല. എന്നാല്‍ ഇത് ഇന്ത്യയുമായി വ്യാപാരം നടത്തുന്ന കാനഡയിലെ ആളുകളെയാണ് നേരിട്ട് ബാധിക്കുന്നത്. നേതാക്കള്‍ 'അന്താരാഷ്ട്ര പോക്കര്‍' കളിക്കുന്നത് നിര്‍ത്തി അവരുടെ കാര്‍ഡുകള്‍ മേശപ്പുറത്ത് വയ്ക്കേണ്ട സമയമാണിതെന്നും പത്രം വ്യക്തമാക്കി.
വാന്‍കൂവര്‍ സണ്‍
സംഘര്‍ഷത്തിനിടയില്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ വിസ സേവനങ്ങള്‍ നിര്‍ത്തി. അതിനാല്‍ ഇന്ത്യന്‍ വംശജരായ കാനഡക്കാര്‍ എങ്ങനെ ഇന്ത്യയിലേക്ക് പോകുമെന്ന ആശങ്കയിലാണെന്ന് മറ്റൊരു കനേഡിയന്‍ പത്രമായ വാന്‍കൂവര്‍ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജനങ്ങള്‍ ആശങ്കയിലാണ്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് പോകാനിരുന്ന ചിലരെ എനിക്കറിയാം. ഇപ്പോള്‍ അവര്‍ക്ക് പോകാന്‍ കഴിയില്ല. ഇത് വളരെ വേദനാ ജനകമാണ്.'- സറേയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ അനില്‍ കുമാറിനെ ഉദ്ധരിച്ച് പത്രം എഴുതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.