തൊണ്ണൂറ്റി രണ്ടാം മാർപ്പാപ്പ സ്റ്റീഫന്‍ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-92)

തൊണ്ണൂറ്റി രണ്ടാം മാർപ്പാപ്പ സ്റ്റീഫന്‍ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-92)

തിരുസഭചരിത്ത്രില്‍ പുതിയൊരു അദ്ധ്യായത്തിന് ആരംഭം കുറിച്ചത് സ്റ്റീഫന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടത്തോടൊപ്പമായിരുന്നു. ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ സ്വാധീനത്തില്‍നിന്നും നിയന്ത്രണത്തില്‍നിന്നും പേപ്പസിയെ സ്വതന്ത്രമാക്കുകയും ഫ്രാങ്കിഷ് രാജവംശത്തിന്റെ സംരക്ഷണത്തിനുകീഴില്‍ പേപ്പസിയെ സ്ഥാപിക്കുകയും ചെയ്തു. ഇതുവഴി കിഴക്കിന്റെ സ്വാധീനത്തിന്‍ കീഴില്‍നിന്നും പടിഞ്ഞാറന്‍ യൂറോപ്പിന്റെ സ്വാധീനത്തിന്‍ കീഴിലേക്ക് വി. പത്രോസിന്റെ സിംഹാസനവും റോമും പറിച്ചുനടപ്പെട്ടു. മാത്രമല്ല, പേപ്പല്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു.

പാപ്പാമരുടെ നിരയില്‍ വി. സഖാറി പാപ്പക്ക് ശേഷം പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് വയോധികനായ ഒരു റോമന്‍ വൈദീകനായിരുന്നു. ഏ.ഡി. 752 മാര്‍ച്ച് 22-നൊ 23-നൊ ലാറ്ററന്‍ കൊട്ടാരത്തില്‍വെച്ച് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്റ്റീഫന്‍ രണ്ടാമന്‍ എന്ന നാമം സ്വീകരിച്ചു. എന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ,റോമിന്റെ മെത്രാനായി അഭിഷിക്തനാകുന്നതിന് മുന്പ് അദ്ദേഹം പക്ഷാഘാതം മൂലം മരണപ്പെട്ടു.

വയോധികനായ സ്റ്റീഫന്‍ രണ്ടാമന്റെ മരണത്തിനുശേഷം ഉടനെതന്നെ അതേ നാമധാരിയായും റോമന്‍ വൈദികനുമായിരുന്ന സ്റ്റീഫനെ മേരി മേജര്‍ ബസിലിക്കയില്‍വെച്ച് തിരുസഭയുടെ പുതിയ തലവനായി ഏ.ഡി. 752 മാര്‍ച്ച് 26-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടുകയും പിന്നീട് റോമിന്റെ മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

ആദ്യം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ റോമിന്റെ മെത്രാനായി അഭിഷിക്തനാകുന്നതിന് മുന്പ് മരണപ്പെട്ടെതിനാൽ വത്തിക്കാന്റെ ഔദ്യോഗിക ഡയറക്ടറിയായ അന്നുവാരിയൊ പൊന്തിഫിച്ചിയോയില്‍ നല്‍കിയിരുന്ന മാര്‍പ്പാപ്പമാരുടെ ഔദ്യോഗിക നിരയില്‍നിന്നും 1960 നു ശേഷം അദ്ദേഹത്തിന്റെ നാമം നീക്കം ചെയ്തു. ഇപ്പോൾ ഔദ്യോഗിക പട്ടിക പ്രകാരം എ ഡി 752 മാർച്ച് 26 നു തിരഞ്ഞെടുത്ത വ്യക്തിയാണ് സ്റ്റീഫന്‍ രണ്ടാമനെന്ന മാർപാപ്പയായി അറിയപ്പെടുന്നത്.

റോമിന്റെ മെത്രാനും മാര്‍പ്പാപ്പയുമായി സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പാ അഭിഷിക്തനായ ഉടനെതന്നെ അദ്ദേഹത്തിന് റോമിനുമേല്‍ വന്ന വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതായി വന്നു. ലൊംബാര്‍ഡ് രാജാവായിരുന്ന ഐസ്റ്റള്‍ഫ് രാജാവ് റവേന്ന കീഴടക്കുകയും റോമിനുനേരേ പടനയിക്കുകയും ചെയ്തു. മാത്രമല്ല ഐസ്റ്റള്‍ഫ് രാജാവ് റോം തന്റെ അധീനതയിലാണെന്നു പ്രഖ്യാപിക്കുകയും റോമിനുമേല്‍ റോമാ നിവാസികളുടെമേലും വാര്‍ഷിക നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. പാപ്പായുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥനകള്‍ക്കിടയിലും താന്‍ പിടിച്ചെടുക്കുകയും അധീനതയിലാക്കുകയും ചെയ്ത രാജകീയ പ്രദേശങ്ങളുടെമേലുള്ള തര്‍ക്കങ്ങള്‍ നീതിയുക്തവും സമാധാനപരവുമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും രാജാവ് തിരസ്‌കരിച്ചു.

ഐസ്റ്റള്‍ഫ് രാജാവ് റോമിനുനേരേ പടനീക്കം ആരംഭിച്ചപ്പോള്‍ സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പാ കോണ്‍സ്റ്റന്റയിന്‍ അഞ്ചാമന്‍ ചക്രവര്‍ത്തിയോട് സൈനീകസഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പാപ്പായുടെ അഭ്യര്‍ത്ഥനകള്‍ക്ക് ചക്രവര്‍ത്തിയുടെ പക്കല്‍നിന്നും മറുപടികളൊന്നും ലഭിച്ചില്ല. അതിനാല്‍തന്നെ തന്റെ മുന്‍ഗാമിയായിരുന്ന ഗ്രിഗറി മൂന്നാമന്‍ പാപ്പാ ലൊംബാര്‍ഡുകളുടെ ആക്രമണത്തില്‍നിന്നും റോമാനഗരത്തെ സംരക്ഷിക്കുന്നതിനായി ഏ.ഡി. 739-ല്‍ ഫ്രാങ്ക് രാജാവായിരുന്ന ചാള്‍സ് മാര്‍ട്ടെലിനോട് സഹായം അപേഷിച്ചതുപ്പോലെതന്നെ സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പായും ഫ്രാങ്ക് രാജാവായിരുന്ന പെപ്പിന്‍ മൂന്നാമനോട് സഹായം അപേഷിച്ചു. സഖാറി മാര്‍പ്പാപ്പയില്‍നിന്നും തനിക്കു ലഭിച്ച വിലയേറിയ സഹായങ്ങളെക്കുറിച്ച് വളരെ കരുതലുണ്ടായിരുന്ന പെപ്പിന്‍ കൂടികാഴ്ച്ചയ്ക്കുവേണ്ടിയുള്ള മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു. മാത്രമല്ല മെറ്റ്‌സ് രൂപതയുടെ മെത്രാനായ ക്രോഡ്‌ഗെങ്ങ് മെത്രാനെയും തന്റെ ഭാര്യസഹോദരനായിരുന്ന ഔട്ട്കറിനെയും മാര്‍പ്പാപ്പയെ അദ്ദേഹത്തിന്റെ യാത്രയില്‍ അനുഗമിക്കുവാന്‍ റോമിലേക്ക് അയ്ച്ചു.

ഏ.ഡി. 753 ഒക്‌ടോബര്‍ 14-ന് പെപ്പിന്‍ രാജാവിനെ കാണുവാനുള്ള തന്റെ യാത്ര മാര്‍പ്പാപ്പ ആരംഭിച്ചു. ആല്‍പ്‌സ് പര്‍വത്തിനു കുറുകെ സഞ്ചരിച്ച ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. ഏ.ഡി. 754 ജനുവരി 6-ാം തീയതി പൊന്തിയോണില്‍വെച്ച് പെപ്പിന്‍ രാജാവ് സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പായെ സ്വീകരിച്ചു. തൊട്ടടുത്ത ദിവസം ഗ്രിഗറി മാര്‍പ്പാപ്പയും അദ്ദേഹത്തെ അനുഗമിച്ചിരുന്ന വൈദികരും അനുതാപവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് പെപ്പിന്‍ രാജാവിന്റെ സമക്ഷം വരികയും റോമാ നഗരത്തെയും ജനത്തെയും ലൊംബാര്‍ഡുകളുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കണമെന്ന് വി. പത്രോസിന്റെ നാമത്തില്‍ താണുവീണ് അപേഷിക്കുകയും ചെയ്തു. പാപ്പായുടെ അഭ്യര്‍ത്ഥന പെപ്പിന്‍ സ്വീകരിച്ചുവെന്നു മാത്രമല്ല റോമാ നഗരം, റെവേന്ന, ലൊംബാര്‍ഡുകള്‍ കൈവശം വച്ചിരുന്ന മറ്റു നഗരങ്ങള്‍, വടക്കേ ഇറ്റലിയിലെയും മധ്യ ഇറ്റലിയിലെയും വിശാലമായ പ്രദേശങ്ങള്‍ എന്നിവയുടെമേലുള്ള മാര്‍പ്പാപ്പയുടെ ന്യായമായ അവകാശം ഉറപ്പുനല്‍കുന്ന രേഖാമൂലമുള്ള വാഗ്ദാനം രാജാവ് പാപ്പായ്ക്ക് നല്‍കുകയും ചെയ്തു. പെപ്പിന്റെ പ്രസ്തുത വാഗ്ദാനം ഡൊണേഷന്‍ ഓഫ് പെപ്പിന്‍ (Donation of Pepin) എന്ന പേരില്‍ അറിയപ്പെടുന്നു. ഗുരുതരമായ രോഗബാധമൂലും ശൈത്യകാലം മുഴുവന്‍ പാരിസിനടുത്തുള്ള വിശുദ്ധ ഡെന്നിസിന്റെ ആശ്രമത്തില്‍ സ്റ്റീഫന്‍ പാപ്പാ ചെലവഴിച്ചെങ്കിലും ഏ.ഡി. 754 ജൂലൈ 28-ാം തീയതി പെപ്പിന്‍ രാജാവിനെയും അദ്ദേഹത്തിന്റെ പത്‌നിയേയും പുത്രന്മാരെയും യാഥാവിധി അഭിഷേകം ചെയ്യുകയും പെപ്പിനും പുത്രന്മാര്‍ക്കും റോമിന്റെ പുത്രന്മാര്‍ എന്ന പദവി നല്‍കുകയും ചെയ്തു.

പെപ്പിന്‍ രാജാവ് ലൊംബാര്‍ഡുകളുമായി ആദ്യം സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ഇതിനെ തുടര്‍ന്ന് ഏ.ഡി. 754 ആഗസ്റ്റില്‍ ലൊംബാര്‍ഡുകളെ ആക്രമിച്ച് പരാജയപ്പെടുത്തി. മാത്രമല്ല തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മാര്‍പ്പാപ്പക്ക്  കൈമാറുവാന്‍ അദ്ദേഹം ലൊംബാര്‍ഡുകളെ നിര്‍ബന്ധിക്കുകയും ചെയ്തു. സ്റ്റീഫന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ റോമില്‍ തിരികെയെത്തിയപ്പോള്‍ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഫ്രാങ്കുകള്‍ ആല്‍പ്‌സ് പര്‍വതനിരകള്‍ കടന്ന് തങ്ങളുടെ രാജ്യത്തേക്ക് പോയയുടനെ ലൊംബാര്‍ഡ് രാജാവായ ഐസ്റ്റള്‍ഫ് രാജാവ് സമാധാന ഉടമ്പടി ലംഘിക്കുകയും റോമാ നഗരത്തിനും അയല്‍പ്രദേശങ്ങള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. വി. പത്രോസിന്റെ നാമത്തിലുള്ള നിരന്തരമായ മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഏ.ഡി. 756 ജൂണില്‍ പെപ്പിന്‍ ഒരിക്കല്‍കൂടി ഇറ്റലിയിലേക്ക് ആക്രമിച്ചു കയറുകയും ഒരിക്കല്‍ക്കൂടി ലൊംബാര്‍ഡ് രാജാവിനെ പരാജയപ്പെടുത്തുകയും കഠിനമായ വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന സമാധാന കരാര്‍ അംഗീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഒരിക്കല്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴിലായിരുന്ന പ്രദേശങ്ങള്‍ തനിക്കു തിരികെ നല്‍കാതെ മാര്‍പ്പാപ്പയ്ക്കു തന്നെ നല്‍കുന്നതിനെ ബൈസന്റയിന്‍ ചക്രവര്‍ത്തി എതിര്‍ത്തപ്പോള്‍ താന്‍ ആയുധം കൈയിലേന്തിയത് വിശുദ്ധ പത്രോസിനോടുള്ള സ്‌നേഹത്തേ പ്രതിയും തന്റെ പാപ പരിഹാര്‍ത്ഥവുമാണെന്ന് മാത്രമാണെന്നും അതിനാല്‍ താന്‍ കീഴടക്കിയ പ്രദേശങ്ങള്‍ മാര്‍പ്പാപ്പയ്ക്കു മാത്രമേ നല്‍കുകയുള്ളുവെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിശുദ്ധ ഡെന്നിസിന്റെ ആശ്രമത്തിന്റെ അധിപനായിരുന്ന ഫുള്‍റാഡ് ഇറ്റലിയുടെ വിവിധ നഗരങ്ങളുടെ താക്കോലുകളും 'ഡൊണേഷന്‍ ഓഫ് പെപ്പിന്‍' എന്ന ഡിക്രിയും വി. പത്രോസിന്റെ ബസിലിക്കയില്‍ നിക്ഷേപിച്ചു. അങ്ങനെ പേപ്പല്‍ സ്റ്റേറ്റുകള്‍ക്ക് ആരംഭം കുറിയ്ക്കുകയും ഭൗതീകവസ്തുക്കളുടെ പരമാധികാരിയെന്ന നിലയിലുള്ള പാപ്പായുടെ പങ്ക് ആരംഭിക്കുകയും ചെയ്തു.

ലൊംബാര്‍ഡ് രാജാവായ ഐസ്റ്റള്‍ഫ് രാജാവ് പിന്തുടര്‍ച്ചവകാശിയില്ലാതെ കാലം ചെയ്തപ്പോള്‍ സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പാ ടസ്‌കനിയിലെ ഒരു പ്രദേശവാസിയെ ലൊംബാര്‍ഡ് രാജാവായി നിയോഗിച്ചു. ഈ സന്തോഷത്തിൽ രാജാവ് ബൊളേഞ്ഞോ നഗരം ഉള്‍പ്പെടെ കൂടുതല്‍ നഗരങ്ങള്‍ മാര്‍പ്പാപ്പയുടെ അധികാരത്തിന്‍ കീഴിൽ സമർപ്പിച്ചു. മാത്രമല്ല ലൊംബാര്‍ഡുകളോടുള്ള സഖ്യവും വിശ്വസ്തയും വെടിഞ്ഞ് പെപ്പിനോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള കൂറ് പ്രഖ്യാപിക്കുവാന്‍ സ്‌പോളേറ്റൊയുടെയും ബെനെവെന്തോയുടെയും പ്രഭുക്കന്മാരെ പാപ്പാ നിര്‍ബന്ധിച്ചു. പാപ്പായുടെ സ്വാധീനത്തിനെ തുടര്‍ന്ന് ലൊംബാര്‍ഡ് രാജ്യത്ത് ഗാലിക്കന്‍ ആരാധനക്രമത്തിനു പകരം റോമന്‍ ആരാധനക്രമം നടപ്പിലാക്കുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി.

സംഭവബഹുലമായ കാലഘട്ടത്തിനുശേഷം ഏ.ഡി. 757 ഏപ്രില്‍ 26-ാം തീയിതി സ്റ്റീഫന്‍ രണ്ടാമന്‍ പാപ്പാ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


മുന്പ് ഉണ്ടായിരുന്ന മാർപ്പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.