'മണിപ്പൂരിലെ ഇരകള്‍ കൂടുതലും ക്രിസ്ത്യാനികള്‍; ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് നിശബ്ദ ആക്രമണം': ബ്രിട്ടീഷ് എംപി

'മണിപ്പൂരിലെ ഇരകള്‍ കൂടുതലും ക്രിസ്ത്യാനികള്‍; ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് നിശബ്ദ ആക്രമണം': ബ്രിട്ടീഷ് എംപി

ലണ്ടന്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെ നിശബ്ദമായ ആക്രമണമാണ് നടക്കുന്നതെന്ന് മണിപ്പൂര്‍ അക്രമം ചൂണ്ടിക്കാട്ടി ബ്രിട്ടനിലെ ഡെമോമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി എംപി ജിം ഷാനന്‍. മത സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷാനന്‍ തന്റെ ആശങ്ക പങ്കുവെച്ചത്.

ജി 20 ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക്, മണിപ്പൂരിലെ അക്രമം സംബന്ധിച്ചു എന്തെങ്കിലും പ്രതികരണം നടത്തിയോയെന്നും അദേഹം ചോദിച്ചു.

മണിപ്പൂരിലെ സംഭവങ്ങളെ ഗോത്രവര്‍ഗ വംശീയ സംഘര്‍ഷങ്ങളില്‍ നിന്ന് ഉല്‍ഭവിച്ചതായി തരം തിരിക്കാമെങ്കിലും സംഭവം ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നിശബ്ദമായി നടന്ന ആക്രമണമാണെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള സര്‍വകക്ഷി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയായ ജിം ഷാനന്‍ ചൂണ്ടിക്കാട്ടി.

ഹിന്ദു തീവ്രവാദ പശ്ചാത്തലമുള്ളവരാണ് അക്രമം നടത്തിയത്. സംസ്ഥാന സര്‍ക്കാരും പോലീസും ന്യൂനപക്ഷ മത വിഭാഗങ്ങളുടെ ജീവനും സ്വത്തുക്കളും നശിപ്പിക്കുന്നതിന് കൂട്ടു നിന്നു. ഇരകള്‍ കൂടുതലും ക്രിസ്ത്യാനികളാണ്. ദിവസങ്ങള്‍ക്കിടെ ഇരുന്നൂറ്റിമുപ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു.

അക്രമം യാദൃശ്ചികമായിരുന്നില്ല. ക്രിസ്ത്യാനികളെ ബോധപൂര്‍വം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ക്രൈസ്തവര്‍ അവരുടെ ദേശങ്ങളില്‍ നിന്ന് പലായനം ചെയ്യണമെന്ന് അക്രമികള്‍ ആഗ്രഹിച്ചുവെന്നും ഷാനന്‍ പറഞ്ഞു.

മണിപ്പൂരില്‍ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസും തുറന്നടിച്ചിരിന്നു.

നിരവധി ദേവാലയങ്ങള്‍ തകര്‍ത്തുവെന്നും അന്‍പതിനായിരത്തോളം ആളുകള്‍ക്ക് ഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ, ഈ സംഭവങ്ങള്‍ ഗൂഢാലോചനകള്‍ക്ക് ശേഷം നടന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.