തിരുവനന്തപുരം: അന്തരിച്ച പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ അസ്വാഭാവിക മരണമെന്ന് ബന്ധുക്കൾ. മരണത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആവശ്യവുമായി ബന്ധുക്കൾ കായംകുളം സ്റ്റേഷനിലാണ് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അനിൽ പനച്ചൂരാൻ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ബോധക്ഷയം ഉണ്ടായത്. ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ അന്ത്യം സംഭവിച്ചു. ആന്തരിക രക്തസ്രാവവും തുടർന്നുണ്ടായ ഹൃദയാഘാതവും മരണത്തിനു കാരണമായെന്നാ പ്രാഥമിക പരിശോധനാ റിപ്പോർട്ടിനെ തുടര്‍ന്നാണ് ഭാര്യയും ബന്ധുക്കളും പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കായംകുളം പൊലീസിനെ സമീപിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കായംകുളം പോലീസ് തിരുവനന്തപുരത്തെത്തി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദേഹ പരിശോധന. തുടര്‍ന്ന് ദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന്റെ അനുമതിയോടെയായിരിക്കും തുടര്‍ നടപടികള്‍. രാത്രിയോടെ കായംകുളം ഗോവിന്ദമുട്ടത്തെ വീട്ടിൽ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. കവിയുടെ അകാല മരണത്തില്‍ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.