ഔദ്യോഗിക പ്രഖ്യാപനം വന്നു: ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചു

ഔദ്യോഗിക പ്രഖ്യാപനം വന്നു: ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചു

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുമായുമുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ച് എഐഎഡിഎംകെ.

ചെന്നൈയില്‍ ചേര്‍ന്ന എഐഎഡിഎംകെ എംപിമാരുടെയും എംഎല്‍എമാരുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രമേയം എതിരില്ലാതെ പാസാക്കി. യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സഖ്യം ഇന്നു മുതല്‍ അവസാനിപ്പിക്കുകയാണെന്ന് അദേഹം പ്രഖ്യാപിച്ചു. പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും മുനുസ്വാമി വ്യക്തമാക്കി. അതേസമയം സഖ്യം അവസാനിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പടക്കം പൊട്ടിച്ചാണ് അണികള്‍ വരവേറ്റത്.

ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ മുന്‍ നേതാക്കളെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമിയെയും കുറിച്ച് അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും മുനുസ്വാമി കുറ്റപ്പെടുത്തി.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയെ കുറിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഖ്യത്തിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.

സനാതന ധര്‍മ്മ വിവാദത്തിനിടെയായിരുന്നു അണ്ണാമലയുടെ വിവാദ പരാമര്‍ശം. 1956 ല്‍ മധുരയില്‍ ടന്ന പൊതുസമ്മേളനത്തില്‍ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര്‍ അതിനെ എതിര്‍ത്തിരുന്നുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.

ഇതിനെതിരെ എഐഎഡിഎംകെ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ അണ്ണാമലൈ തയ്യാറായില്ല. അതേസമയം അണ്ണാദുരൈയെ കുറിച്ച് മാത്രമല്ല അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ കുറിച്ചും പാര്‍ട്ടിയുടെ പ്രധാന നേതാവ് സി. ഷണ്‍മുഖത്തിനെതിരേയുമെല്ലാം ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു.

ഇതോടെ സഖ്യം തുടരണമെങ്കില്‍ അണ്ണാമലൈയെ മാറ്റുകയോ അദ്ദേഹത്തിന്റെ രാജി നേതൃത്വം ആവശ്യപ്പെടുകയോ ചെയ്യണമെന്നായിരുന്നു എഐഎഡിഎംകെ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല.

തമിഴ്‌നാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ച നേതാവാണ് അണ്ണാമലൈ എന്നിരിക്കെ അത്തരത്തിലൊരു നടപടിയും കൈക്കൊള്ളില്ലെന്നതായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതോടെയാണ് സഖ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്.

എന്‍ഡിഎയുമായുള്ള സഖ്യം അവസാനിപ്പിച്ചതായുള്ള എഎൈഡിഎംകെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ അണ്ണാമലൈ തയ്യാറായിട്ടില്ല. ദേശീയ നേതൃത്വം പ്രതികരിക്കുമെന്നാണ് അദേഹം പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.