ചരിത്ര ദൗത്യത്തില്‍ പങ്കാളിയാകാന്‍ ബ്രദര്‍ ബോബ് മാക്കെ.
വത്തിക്കാന്‍ സിറ്റി: ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിച്ച സാംപിളുകള്‍ വിശകലനം ചെയ്യുന്നതിന് ജെസ്യൂട്ട് സഭാംഗമായ ശാസ്ത്രജ്ഞന്റെ സഹായം തേടി നാസ. ഉല്‍ക്കകളെക്കുറിച്ചുള്ള പഠനത്തില്‍ വൈദഗ്ദ്യം നേടിയ വത്തിക്കാന്‍ ജ്യോതിശാസ്ത്രജ്ഞനും ജെസ്യൂട്ട് സഭാംഗവുമായ ബ്രദര്‍ ബോബ് മാക്കെയുടെ സഹായമാണ് നാസ അഭ്യര്‍ത്ഥിച്ചത്.
ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നും ശേഖരിച്ച നിഗൂഢ വസ്തുക്കളുടെ സാന്ദ്രതയും സുഷിരതയും അപഗ്രഥനം ചെയ്യുവാന്‍ കഴിയുന്ന ഉപകരണ നിര്‍മ്മാണത്തിന്റെ പുരോഗതിയും മറ്റും കാണിക്കുന്ന വിവിധ വീഡിയോകള്‍ ബ്രദര്‍ മാക്കെ തന്റെ 'മാക്കെ മേക്കര്‍ സ്‌പേസ്' യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.
വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ ടുസ്‌കോണിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ടെലിസ്‌കോപ്പിന്റേയും അരിസോണ സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ അഞ്ചാഴ്ച കൊണ്ടാണ് ബ്രദര്‍ മാക്കെ ഉപകരണം നിര്‍മ്മിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന് ഇത് കൈമാറുകയും ചെയ്തിരുന്നു.
നസയിലെ സാംപിള്‍ വിശകലനം ചെയ്യുന്ന സംഘത്തിന്റെ നേതാവായ ആന്‍ഡ്രൂ റയാനാണ് ഇത് സംബന്ധിച്ച് ബ്രദര്‍ മാക്കെയോട് സഹായം അഭ്യര്‍ത്ഥിച്ചത്. 2016 ലാണ് അമേരിക്ക ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുവാനായി ഒസിരിസ്-റെക്‌സ് എന്ന ആളില്ലാ പേടകം അയച്ചത്. ഛിന്നഗ്രഹത്തില്‍ നിന്നു ശേഖരിച്ച സാംപിളുകളുമായി പേടകം കഴിഞ്ഞ ദിവസം ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.
സാംപിളുകള്‍ പരിശോധിക്കുകയും അതിലെന്താണ് ഉള്ളതെന്ന് കണ്ടെത്തുകയുമാണ് തങ്ങളുടെ പ്രധാന ജോലി. ഒന്നിലധികം തരത്തിലുള്ള പാറകള്‍ അവിടെ ഉണ്ടോ? അതോ എല്ലാം ഒരേ തരത്തിലുള്ള പാറയാണോ? ബെന്നുവിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് നമുക്ക് എന്തൊക്കെയാണ് കാണുവാന്‍ കഴിയുക? തുടങ്ങിയ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനാണ് ശ്രമിക്കുന്നതെന്ന് ബ്രദര്‍ മാക്കെ പറഞ്ഞു.
പ്രാഥമിക വിശകല ഫലങ്ങള്‍ ലോകമെമ്പാടുമുള്ള ലബോറട്ടറികളില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്ക് വേണ്ട സാംപിളുകള്‍ ശേഖരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.