അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്കും; അഡീ. പ്രൈവറ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണം

അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്കും;  അഡീ. പ്രൈവറ്റ് സെക്രട്ടറി ഇന്ന്   കസ്റ്റംസ് ഓഫീസില്‍ ഹാജരാകണം

കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ഇന്ന് ചെയ്യും. രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ അയ്യപ്പന് നോട്ടീസ് നല്‍കി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്. സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയിലുള്ളത്.

അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെയും കൊച്ചിയിലേക്ക് വിളിച്ചു വരുത്താനാണ് കസ്റ്റംസ് ആലോചിക്കുന്നത്. സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്‌ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുകയും അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് തങ്ങള്‍ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചതെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.