വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ സ്‌നേഹം, മനുഷ്യന്റെ എല്ലാ നീതിന്യായ സങ്കല്‍പ്പങ്ങള്‍ക്കും മീതെ കവിഞ്ഞൊഴുകുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പ. അവിടുത്തെ അളവില്ലാത്ത കരുണ അനുഭവിച്ചറിയാനായി, അത് എല്ലാവരെയും എല്ലാ സമയവും ക്ഷണിച്ചുകൊണ്ടിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളോട് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ (മത്തായി 20: 1-16) വ്യാഖ്യാനിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. തന്റെ മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യാനായി, ദിവസം മുഴുവന്‍ ജോലിക്കാരെ തേടിയിറങ്ങുന്ന, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഈ ഉപമ നമുക്കു പറഞ്ഞുതരുന്നത്. എന്നാല്‍, അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ ഒരേ കൂലിയാണ് മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ നല്‍കിയത്. മാനുഷിക വീക്ഷണത്തില്‍ ഇത് അനീതിയായി തോന്നാമെങ്കിലും, നീതിയെക്കുറിച്ചുള്ള ഭൗമിക സങ്കല്‍പ്പങ്ങളെയെല്ലാം മറികടക്കുന്ന ദൈവികനീതിയെക്കുറിച്ച് ഇത് നമ്മെ പഠിപ്പിക്കുന്നു - പാപ്പാ പറഞ്ഞു.
ഈ ഉപമയെ കൂലിയുടെ കണ്ണിലൂടെയല്ല നാം കാണേണ്ടത് പകരം, അത് ദൈവത്തിന്റെ മാനദണ്ഡങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഉപമയായിട്ടാണ് നാം മനസിലാക്കേണ്ടത്. നമ്മുടെ യോഗ്യതകള്‍ പരിഗണിച്ചല്ല അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നത് മറിച്ച്, മക്കളെന്ന നിലയിലാണ് - പാപ്പ വിശദീകരിച്ചു.
ഈ ഉപമയില്‍ വെളിവാക്കപ്പെടുന്ന രണ്ട് ദൈവീക പ്രവര്‍ത്തനങ്ങളെ പരിശുദ്ധ പിതാവ് എടുത്തുകാണിച്ചു: ദൈവത്തിന്റെ നിരന്തരമായ വിളിയും ദൈവികനീതിക്കനുസരിച്ച് അവിടുന്നു നല്‍കുന്ന പ്രതിഫലവും.
ദൈവത്തിന്റെ നിരന്തരമായ വിളി
ദൈവമാണ് ആദ്യം നമ്മെ തേടുന്നത്. മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ ഒരു ദിവസത്തില്‍ പലയാവര്‍ത്തി ജോലിക്കാരെ തേടിയെത്തുന്നതുപോലെ, മടുപ്പു കൂടാതെ ദൈവം മനുഷ്യരെ നിരന്തരം തേടിക്കൊണ്ടിരിക്കുന്നു. നമ്മെ തേടിയെത്തുമ്പോള്‍, നമ്മുടെ പരിശ്രമങ്ങള്‍ക്കു വേണ്ടി അവിടുന്ന് കാത്തിരിക്കുന്നില്ല, നമ്മുടെ കഴിവുകളെ പരിശോധിക്കുന്നുമില്ല. നമ്മുടെ പ്രത്യുത്തരം ലഭിച്ചില്ലെങ്കിലും അവിടുന്ന് നമ്മെ ഉപേക്ഷിക്കുന്നില്ല മറിച്ച്, യേശുവിലൂടെ നമ്മെ തേടി അവിടുന്ന് വീണ്ടുമെത്തുന്നു. ദിവസത്തിന്റെ എല്ലാ മണിക്കൂറിലും അവിടുന്ന് നമ്മെ തേടിയെത്തുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും കാലങ്ങളിലും, വാര്‍ദ്ധക്യം വരെയും, അവിടുന്ന് ഇത് തുടരുന്നു - പാപ്പ പറഞ്ഞു.
ദൈവത്തിന്റെ അതിരില്ലാത്ത സ്‌നേഹവും മനുഷ്യരാശിയോടുള്ള അവിടുത്തെ അചഞ്ചലമായ പ്രതിബദ്ധതയും മൂലം അവിടുന്ന് നിരന്തരം നമ്മെ അന്വേഷിക്കുകയും നമുക്കായി കാത്തിരിക്കുകയും ചെയ്യുന്നു. വൈകിപ്പോയെന്ന് അവിടുത്തെ ഹൃദയം ഒരിക്കലും വിചാരിക്കുന്നില്ല.
ദൈവീക നീതിക്കനുസരിച്ചുള്ള പ്രതിഫലം
രണ്ടാമതായി, മനുഷ്യന്റെ ധാരണയെ അതിലംഘിക്കുന്ന ദൈവനീതിയെക്കുറിച്ച് പരിശുദ്ധ പിതാവ് അടിവരയിട്ട് പറഞ്ഞു. അവസാന മണിക്കൂറിലെ ജോലിക്കാര്‍ക്കും ആദ്യമെത്തിയവര്‍ക്കും തുല്യ പ്രതിഫലമാണ് ലഭിച്ചത്. ദൈവത്തിന്റെ ഉയര്‍ന്ന നീതിയെക്കുറിച്ചാണ് ഇത് നമുക്ക് മനസിലാക്കിത്തരുന്നത്. അതായത്, ഓരോരുത്തര്‍ക്കും അര്‍ഹമായതാണ് അവിടുന്ന് കൊടുക്കുന്നത്, അത് നമ്മുടെ യോഗ്യതകള്‍ പരിഗണിച്ചല്ല. നമ്മുടെ നേട്ടങ്ങളുടെയോ കാര്യക്ഷമതയുടെയോ പരാജയങ്ങളുടെയോ അളവുകോലല്ല അവിടുത്തേക്കുള്ളത് മറിച്ച്, മക്കളോടുള്ള വ്യവസ്ഥകളില്ലാത്ത സ്‌നേഹമാണ്.
മാനുഷികനീതിയുടെ കണക്കുകൂട്ടലുകളില്‍ നിന്ന് മോചിതരാവുക
ശ്രേഷ്ഠതാമനോഭാവം കൂടാതെ, എല്ലാവരെയും തുറന്ന കൈകളോടെ സ്വീകരിക്കാന്‍, സഭയെ മുഴുവന്‍ പാപ്പ ഉദ്‌ബോധിപ്പിച്ചു. ദൈവവുമായി ഒരു 'ഇടപാട്' സ്ഥാപിക്കാനുള്ള പ്രവണതയ്‌ക്കെതിരെ പരിശുദ്ധ പിതാവ് മുന്നറിയിപ്പു നല്‍കി. ഇങ്ങനെയുള്ള ഒരു ബന്ധത്തില്‍, അവിടുത്തെ ഔദാര്യപൂര്‍ണമായ കൃപയിലല്ല, സ്വന്തം കഴിവുകളിലാണ് നാം കൂടുതലായി ആശ്രയിക്കുന്നത്. ദൈവം എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്നുവെന്ന കാര്യം മനസ്സില്‍ സൂക്ഷിക്കണമെന്നും നമ്മുടെ ബന്ധങ്ങളില്‍, നീതിന്യായങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ നിന്ന് മോചിതരായി, യേശു പഠിപ്പിക്കുന്നതുപോലെ ഔദാര്യത്തോടും ക്ഷമയോടുംകൂടെ വര്‍ത്തിക്കണമെന്നും എല്ലാവരോടുമായി പാപ്പാ ആഹ്വാനം ചെയ്തു.
ദൈവത്തിന്റെ അതിരില്ലാത്ത സ്‌നേഹം മനസിലാക്കാനും അവിടുത്തെ അളവുകോലിനനുസരിച്ച് ജീവിതം രൂപപ്പെടുത്താനുമുള്ള കൃപയ്ക്കായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.