നിജ്ജാര്‍ വധത്തിന് പിന്നില്‍ പാകിസ്ഥാനെന്ന സംശയം ബലപ്പെടുന്നു; ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കല്‍

നിജ്ജാര്‍ വധത്തിന് പിന്നില്‍ പാകിസ്ഥാനെന്ന സംശയം ബലപ്പെടുന്നു;  ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കല്‍

മരിക്കുന്നതിന് ആറ് ദിവസം മുമ്പ് നിജ്ജാര്‍ കനേഡിയന്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടെന്ന് വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന സംശയം ബലപ്പെടുന്നു.

നിജ്ജാറിനെ കൊലപ്പെടുത്താന്‍ ഐഎസ്‌ഐ രണ്ട് ഭീകരരെ വാടകയ്ക്കെടുത്തിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ഈ നടപടി.

കാനഡയിലെ ഐഎസ്ഐ ഏജന്റുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ രണ്ടു പേരുമാണ് ഐഎസ്ഐയ്ക്ക് വേണ്ടി കാനഡയിലെ കൂടുതല്‍ ദൗത്യങ്ങളും ചെയ്യുന്നത്.

കനേഡിയന്‍ സര്‍ക്കാര്‍ ഐഎസ്ഐയെ അടക്കം പിന്തുണച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നിജ്ജാറിന്റെ കൊലപാതകം എളുപ്പത്തിലാക്കിയെന്നും പറയുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ തങ്ങളോട് സഹകരിച്ച് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഭീകരരെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ പറ്റിയ ആളെ കണ്ടെത്താന്‍ ഐഎസ്‌ഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാനഡയിലെത്തിയ ഖാലിസ്ഥാന്‍ ഭീകര സംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ്‌ഐ ഹര്‍ദീപ് സിങ് നിജ്ജാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ നിജ്ജാര്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖാലിസ്ഥാന്‍ ഭീകരരുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കനേഡിയന്‍ സുരക്ഷാ ഇന്റലിജന്‍സ് സര്‍വീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നു. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുമ്പ് ഇന്റലിജന്‍സ് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരെ നിജ്ജാര്‍ കണ്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മകന്‍ വെളിപ്പെടുത്തിയത്. ഇത് ഐഎസ്ഐയെ പ്രകോപിപ്പിച്ചിരുന്നതായും പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.