സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്. 37 ലക്ഷം ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ റൊമാനിയൻ യുവാക്കൾ സിഡ്നിയിൽ അറസ്റ്റിലായി. റൊമാനിയൻ കാർഡ് സ്‌കിമ്മിംഗ് നെറ്റ്‌വർക്കിന്റെ കണ്ണികളായ ഇവർ 1000ത്തിലധികം ബാങ്ക് വിവരങ്ങളും പിൻ കോഡുകളും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. യുവാക്കളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയിരത്തിലധികം ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങളും കാർഡ് സ്‌കിമ്മിംഗ് ഉപകരണങ്ങളും 1500 ബ്ലാങ്ക് കാർഡുകളും കണ്ടെത്തി.
ഇവർ താമസമാക്കിയ രണ്ടാമത്തെ വീട്ടിൽ നിന്ന് 50000 ഡോളറിന്റെ പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിസൈനർ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ആ ഉപകരണങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ തട്ടിപ്പ് നടത്തിയ ബാങ്ക് വിശദാംശങ്ങൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.
ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളും പിൻ നമ്പറുകളും മോഷ്ടിക്കാൻ കാർഡ് സ്കിമ്മിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചതായാണ് വിലയിരുത്തൽ. ഈ ഉപകരണങ്ങൾ രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ ഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും ലക്ഷ്യം വച്ചത് സിഡ്‌നിയിലെ സിബിഡിയിലാണ്.
3.7 മില്യൺ ഡോളറിലധികം മൂല്യം വരുന്ന തട്ടിപ്പാണ് ഇവർ നടത്തിയിരിക്കുന്നത്. റൊമാനിയ ആസ്ഥാനമായുള്ള ഒരു ട്രാൻസ്‌നാഷണൽ കാർഡ് സ്‌കിമ്മിംഗ് ശൃംഖലയുടെ ഭാഗമാണ് ഓപ്പറേഷൻ. വ്യാജ പാസ്‌പോർട്ടുമായാണ് ഇവർ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്ന് സാമ്പത്തിക കുറ്റകൃത്യ സ്‌ക്വാഡ് കമാൻഡർ ഡിറ്റക്ടീവ് സൂപ്രണ്ട് ഗോർഡൻ അർബിഞ്ച ആരോപിച്ചു.
സാധാരണക്കാരും നിരപരാധികളുമായ ഓസ്‌ട്രേലിയക്കാരെ ലക്ഷ്യമിട്ടാണ് ഈ സംഘം ഇവിടെ വന്നതെന്നും അദേഹം പറഞ്ഞു. തിരച്ചിലിനിടെ ഒരാൾ തന്റെ ഫോൺ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞെങ്കിലും പിന്നീട് പോലീസ് കണ്ടെടുത്തതായി ഡിറ്റക്ടീവ് സൂപ്രണ്ട് അർബിഞ്ജ ആരോപിച്ചു. അന്വേഷണത്തിനിടെ പ്രദേശത്തുടനീളം നിന്ന് പ്രതികളുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. 40 ഉം 43 ഉം വയസുള്ള പ്രതികൾക്കെതിരെ ഗ്രൂപ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, തെറ്റായ രേഖകൾ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങൾ കൈവശം വയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26