കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടിയായ പ്രതിഭയായിരുന്നുവെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഡോ. സ്വാമിനാഥന്റെ നിര്യാണത്തോടനുബന്ധിച്ച് പുറത്തിറക്കിയ അനുശോചനക്കുറിപ്പിലാണ് മാർ ആലഞ്ചേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചുവെന്നും കർദ്ദിനാൾ അനുസ്മരിച്ചു.
കേരളത്തിന്റെ കാർഷിക പശ്ചാത്തലത്തിൽ നിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിത യാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ തന്റെ അറിവ് നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. പട്ടിണിയുടെ ഭീകരമുഖം നേരിട്ടുകണ്ട, അദ്ദേഹം മനുഷ്യരുടെ വിശപ്പ് മാറ്റുന്നതിനുവേണ്ടി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.
നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങളും വിഭാവനം ചെയ്ത പദ്ധതികളും പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങിയ നിരവധി അവാർഡുകൾക്ക് അദ്ദേഹത്തെ അർഹനാക്കി. കുട്ടനാട്ടിലെ നെൽകൃഷിയുടെ സംര ക്ഷണത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോ. സ്വാമിനാഥനുമായുള്ള വ്യക്തിപരമായ ബന്ധം കർദ്ദിനാൾ അനുസ്മ്മരിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങളും കർമ്മധീരതയും സ്വായത്തമാക്കി രാജ്യത്തിന്റെ കാർഷിക പുരോഗതിക്കുവേണ്ടി സമർപ്പണം ചെയ്യുന്നതാണ് ഡോ. സ്വാമിനാഥന് നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് മാർ ആലഞ്ചേരി പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26