ഇറാഖില്‍ വിവാഹ ചടങ്ങിലെ തീപിടിത്തം: കണ്ണീര്‍ തോരാതെ നിനവേ; ഹൃദയഭേദക ദൃശ്യങ്ങള്‍...

ഇറാഖില്‍ വിവാഹ ചടങ്ങിലെ തീപിടിത്തം: കണ്ണീര്‍ തോരാതെ നിനവേ; ഹൃദയഭേദക ദൃശ്യങ്ങള്‍...

ബഗ്ദാദ്: ഇറാഖിലെ നിനവേ പ്രവിശ്യയില്‍ ആഘോഷപൂര്‍വം നടന്ന വിവാഹം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് രാജ്യം. വധുവിന്റെയും വരന്റെയും ജീവിതത്തിലെ ഏറ്റവും സവിശേഷ ദിവസമായി ഓര്‍ത്തിരിക്കേണ്ട ദിനം ഒരു ദുസ്വപ്‌നമായി അവസാനിച്ചതിന്റെ ആഘാതത്തില്‍നിന്ന് ബന്ധുക്കള്‍ മുക്തരായിട്ടില്ല. അതിന്റെ പാടുകള്‍ ഓര്‍മകളില്‍നിന്ന് മായ്ക്കാനും പ്രയാസമാണ്.

പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹത്തിന് വേദിയായ ഹാളില്‍ തീ പടര്‍ന്ന് നൂറിലേറെ അതിഥികള്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 335 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി മൊസൂള്‍ നഗരത്തിന് പുറത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഹംദാനിയ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. വേദിയില്‍ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

ഹാളിനെ തീ വിഴുങ്ങുന്നതിന് മുമ്പ് വധുവും വരനും നൃത്തം ചെയ്യുന്നതും ബന്ധുക്കള്‍ പ്രോല്‍സാഹിപ്പിക്കുന്നതും വീഡിയോകളില്‍ കാണാം. നൃത്തം തുടരുന്നതിനിടെ പടര്‍ന്ന തീയില്‍ മേല്‍ക്കൂര കത്തി താഴേക്കു പതിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ദുരന്തത്തിനു മുന്നോടിയായുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോ കണ്ടിരിക്കാന്‍ കഴിയില്ല. അതിനൊപ്പം തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചില കുടുംബങ്ങള്‍ ഒന്നാകെ തീയില്‍ വെന്തെരിഞ്ഞു, മറ്റൊരിടത്ത് കുടുംബത്തില്‍ ഒരാള്‍ മാത്രം അവശേഷിച്ച ദാരുണാവസ്ഥ, ശരീരമാസകലം പൊള്ളലേറ്റവര്‍, ശവപ്പെട്ടികളില്‍ വീണുകിടന്ന് അലമുറയിടുന്നവര്‍... ഇങ്ങനെ ദുരന്തകാഴ്ച്ചകള്‍ വിവരണാതീതമാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഡ്രം വാദകന്‍ നല്‍കുന്ന വിവരണം ഭയാനകമാണ്. 'ഹാള്‍ നിറയെ പൂക്കളും സ്പോഞ്ച് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും ആയിരുന്നു. അതിനാല്‍, തീ അതിവേഗം പടര്‍ന്നു. 10 സെക്കന്‍ഡിനുള്ളില്‍ ഹാള്‍ മുഴുവന്‍ കത്തിനശിച്ചു' - അദ്ദേഹം പറഞ്ഞു.

രണ്ട് പ്രധാന വാതിലുകളുണ്ടായിരുന്നെങ്കിലും വൈദ്യുതി നിലച്ചതോടെ ഹാളില്‍ ഒന്നും കാണാനായില്ല. ഹാളില്‍ ഏകദേശം 1000 പേര്‍ ഉണ്ടായിരുന്നു. പുക പരന്നതോടെ ആളുകള്‍ ശ്വാസം മുട്ടി താഴേക്കു വീഴാന്‍ തുടങ്ങി. അവര്‍ പുറത്തേക്കു പോകാന്‍ ശ്രമിച്ചെങ്കിലും സീലിംഗ് താഴ്ന്ന് ആളുകള്‍ കുടുങ്ങി. അവരെ സഹായിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അകത്തു പോയിരുന്നെങ്കില്‍ ഞാനും അവരെപ്പോലെ മരിച്ചേനെ. അടുക്കളയുടെ കവാടത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങള്‍ കഴിയുന്നത്ര സഹായിച്ചു. ഒരു അച്ഛനും മകനും പുറത്തേക്ക് നടന്ന് പോകുന്നത് ഞാന്‍ കണ്ടു, പക്ഷേ അച്ഛന്‍ ഭാര്യയെ പുറത്തിറക്കാന്‍ തിരികെ അകത്തേക്ക് പോയി. ഇരുവരും മരിച്ചു- അദ്ദേഹം പറഞ്ഞു.

സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച സെന്റ് ബെഹ്നാം സിറിയക് കാത്തലിക് പള്ളിയില്‍ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.