'ശൈശവ വിവാഹവും കുട്ടി കടത്തും വര്‍ധിക്കും'; രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് നിയമ കമ്മിഷന്‍

'ശൈശവ വിവാഹവും കുട്ടി കടത്തും വര്‍ധിക്കും'; രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് നിയമ കമ്മിഷന്‍

ന്യൂഡല്‍ഹി: കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്സോ) നിയമപ്രകാരം രാജ്യത്ത് ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടായി നിലനിര്‍ത്താന്‍ നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പ്രായ പരിധി 16 ആക്കി കുറയ്ക്കുന്നത് ഉചിതമല്ലെന്നും പ്രായം കുറയ്ക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെ പോരാടുന്നതിന് നിയമപരമായ തിരിച്ചടി ഉണ്ടാക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് രണ്ട് റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 18 വയസാണ് ലൈംഗിക ബന്ധത്തിനുള്ള നിയമപരമായ പ്രായം. 16-18 വയസുകാര്‍ക്കിടയില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധങ്ങള്‍ വര്‍ധിച്ചുവരുന്ന സംഭവങ്ങളില്‍ നിയമപരമായി തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കോടതികളാകണമെന്നും നിയമ കമ്മിഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഭേദഗതികളും നിയമ കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രായ പരിധി കുറക്കുന്നതിനെ പാനല്‍ എതിര്‍ത്തു. ശൈശവ വിവാഹത്തിനും കുട്ടികളെ കടത്തുന്നതിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് അത് പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധിയെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് നിയമ കമ്മിഷന്റെ നിര്‍ണായക ഇടപെടല്‍. 2012 ലെ പോക്‌സോ നിയമം മൂലം കൗമാരക്കാര്‍ തമ്മിലുള്ള ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കുന്നതില്‍ നിരവധി ഹൈക്കോടതികള്‍ സമീപകാലങ്ങളിലായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.